കാഥികൻ അയിലം ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു
Sunday, March 23, 2025 1:28 AM IST
തിരുവനന്തപുരം: കാഥികനും നാടക നടനും സംവിധായകനുമായ പാങ്ങപ്പാറ നിഷയിൽ അയിലം ഉണ്ണിക്കൃഷ്ണൻ (73) അന്തരിച്ചു. ന്യുമോണിയ ബാധയെ തൂടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അന്ത്യം.
ചൊവ്വാഴ്ച രാവിലെ 10 മുതൽ ഭാരത് ഭവനിലും 11.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെ പാങ്ങപ്പാറയിലെ വസതിയായ നിഷാ നിവാസിലും പൊതുദർശനത്തിനുശേഷം 3.30ന് കഴക്കൂട്ടം ശാന്തിതീരത്ത് സംസ്കരിക്കും.
കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗവും തോന്നയ്ക്കൽ കുമാരനാശാൻ അന്തർദേശീയ സാംസ്കാരിക സമിതിയുടെ മുൻ സെക്രട്ടറിയുമായിരുന്നു. നന്മയുടെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു.
കേരള സംസ്ഥാന പുരസ്കാരം, സാംബശിവൻ പുരസ്കാരം, കെടാമംഗലം പുരസ്കാരം, പറവൂർ സുകുമാരൻ പുരസ്കാരം, ഇടക്കൊച്ചി പ്രഭാകരൻ പുരസ്കാരം എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഭാര്യ: സന്താനവല്ലി. മക്കൾ: രാജേഷ് കൃഷ്ണ, രാഗേഷ് കൃഷ്ണ.