മരുന്നു കുടിശിക: 100 കോടികൂടി അനുവദിച്ചു
Sunday, March 23, 2025 1:28 AM IST
തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നുകൾ വാങ്ങിയതിന്റെ കുടിശിക ഇനത്തിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷന് സർക്കാർ 100 കോടി രൂപകൂടി അനുവദിച്ചു. സർക്കാർ ആശുപത്രികൾക്കായി മരുന്നുകൾ വാങ്ങിയതിന്റെ ബിൽ തുക നൽകുന്നതിനാണ് പണം അനുവദിച്ചതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
സർക്കാർ ആശുപത്രികൾക്കു മരുന്നുകൾ, ശസ്ത്രകിയ ഉപകരണങ്ങൾ, ഫ്ളൂയിഡുകൾ എന്നിവ വിതരണം ചെയ്ത വകയിൽ സംസ്ഥാന സർക്കാർ 693.78 കോടി രൂപ നൽകാനുണ്ടെന്നു നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ സർക്കാർ നിയമസഭയെ അറിയിച്ചിരുന്നു. ഇതിൽനിന്നാണ് 100 കോടി രൂപ അനുവദിച്ചത്.
നടപ്പു സാന്പത്തികവർഷം ആകെ 606 കോടി രൂപയാണ് കോർപറേഷന് സഹായമായി നൽകിയത്. ബജറ്റ് വിഹിതത്തിനു പുറമെ 250 കോടി രൂപ നൽകി. 356 കോടി രൂപയായിരുന്നു ബജറ്റ് വകയിരുത്തൽ. ഇതും, അധികമായി 150 കോടി രൂപയും നേരത്തേ നൽകിയിരുന്നു.
ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ആവശ്യപ്പെട്ട പ്രകാരം മരുന്നുകളുടെ സംഭരണത്തിന് 2025- 26 സാന്പത്തിക വർഷം 1014.92 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്.