വ്യാപാര സ്ഥാപനത്തിനു മുന്നിൽ കുടിൽ കെട്ടി സിഐടിയു; കടകളടച്ചിട്ട് വ്യാപാരികൾ
Saturday, March 22, 2025 1:38 AM IST
ഷൊർണൂർ: വ്യാപാര സ്ഥാപനത്തിനുമുന്നിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരം. കടകളടച്ച് പ്രതിഷേധവുമായി വ്യാപാരികൾ.
ലോറിയിൽനിന്നു ചാക്കുകൾ ഇറക്കാനുള്ള യന്ത്രവും ഹൈക്കോടതിയുടെ അനുകൂല ഉത്തരവുമുണ്ടായിട്ടും കുളപ്പുള്ളിയിലെ സിമന്റ് വ്യാപാരിയായ ജയപ്രകാശിനെതിരേ സിഐടിയു സമരം നടത്തുന്നതില് പ്രതിഷേധിച്ചാണു കടകളടച്ചും ധർണ നടത്തിയും വ്യാപാരികൾ രംഗത്തിറങ്ങിയത്.
പോലീസിന്റെ സഹായത്തോടെയാണ് ഇപ്പോൾ സ്ഥാപനം പ്രവർത്തിക്കുന്നത്. യന്ത്രംമൂലം തൊഴിൽ നഷ്ടമാകുന്നുവെന്ന കാരണം പറഞ്ഞ് സ്ഥാപനത്തിനു മുന്നിൽ പന്തൽ കെട്ടി അനിശ്ചിതകാലസമരത്തിലാണു സിഐടിയു.
സിമന്റ് ചാക്കുകളുടെ കയറ്റിറക്ക് എളുപ്പമാക്കാൻ ആറുലക്ഷത്തോളം രൂപ മുടക്കി ജയപ്രകാശ് നാലുമാസം മുൻപാണു യന്ത്രം സ്ഥാപിച്ചത്. യന്ത്രംകൊണ്ട് സിമന്റ് ചാക്കുകൾ കയറ്റുന്ന സ്ഥലത്തും ഇറക്കുന്ന സ്ഥലത്തും ഒരു തൊഴിലാളിവീതം മതി. ഇതോടെ സിഐടിയു നേതാക്കൾ പ്രതിഷേധവുമായെത്തി.
രണ്ടു സിഐടിയു തൊഴിലാളികളെ ഉൾപ്പെടുത്താമെന്നും ചാക്കിന് 7.90 രൂപ നൽകാമെന്നും ജയപ്രകാശ് സമ്മതിച്ചു. എന്നാൽ, ആറു ലോഡിംഗ് തൊഴിലാളികൾ ജോലിക്ക് എത്തിയതോടെ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. യന്ത്രം ഉപയോഗിച്ചും തന്റെ ജീവനക്കാരുടെ സഹായത്തോടെയും ജയപ്രകാശിനു കയറ്റിറക്കു നടത്താമെന്നു ഹൈക്കോടതി ഉത്തരവായി.
കോടതി ഉത്തരവു കാണിച്ചിട്ടും ലോഡിംഗ് തൊഴിലാളികൾ എതിർത്തതോടെ ജയപ്രകാശ് പോലീസിന്റെ സഹായം തേടി. ഇതിനിടെ, തൊഴിൽ നിഷേധം ആരോപിച്ച് സിഐടിയു പ്രവർത്തകർ സ്ഥാപനത്തിനുമുന്നിൽ അനിശ്ചിതകാലസമരം ആരംഭിക്കുകയായിരുന്നു.
ജയപ്രകാശ് നടത്തുന്നതു തൊഴിൽ നിഷേധമാണെന്നു സിഐടിയു പറയുന്നു. മറ്റുള്ള സ്ഥാപനങ്ങളിൽ ചാക്കിന് 13 രൂപവരെ വാങ്ങുമ്പോൾ ഇവിടെ 7.90 രൂപയ്ക്കാണു സിമന്റ് ഇറക്കാൻ സമ്മതിച്ചത്. എന്നിട്ടും തൊഴിലാളികളെ ഉൾപ്പെടുത്തിയില്ല. ലേബർ ഓഫീസിലും ക്ഷേമ ബോർഡിലും കത്തു നൽകിയിട്ടുണ്ടെന്നു സിഐടിയു ചുമട്ടുതൊഴിലാളി ജില്ലാ കമ്മിറ്റി അംഗം ശ്രീനിവാസൻ പറഞ്ഞു.
വ്യാപാരികളെ ലോഡിംഗ് തൊഴിലാളികൾ ചൂഷണം ചെയ്യുകയാണെന്നാരോപിച്ച് ജയപ്രകാശിനു പിന്തുണയുമായാണ് വ്യാപാരിവ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുളപ്പുള്ളിയിൽ ധർണ നടത്തിയത്.