കാസർഗോഡ് പെൺകുട്ടിയെ കാണാതായ സംഭവം;പോലീസിനെ കുടഞ്ഞ് ഹൈക്കോടതി
Tuesday, March 11, 2025 1:53 AM IST
കൊച്ചി: കാസര്‍ഗോഡ് പൈവളികെയില്‍ പതിനഞ്ചുകാരിയെ കാണാതായ സംഭവത്തില്‍ പോലീസിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
വിഐപിയുടെ മകളെയാണു കാണാതായതെങ്കില്‍ പോലീസ് അലംഭാവം കാണിക്കുമോയെന്നും നിയമത്തിനു മുമ്പില്‍ വിവിഐപിയും തെരുവില്‍ താമസിക്കുന്നവരും തുല്യരാണെന്നും ഹൈക്കോടതി പറഞ്ഞു. കുട്ടിയെ കാണാതായിട്ട് 29 ദിവസമായിരുന്നു. അതിനുശേഷമാണ് ടാക്സി ഡ്രൈവര്‍ക്കൊപ്പം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കാണാതായ ഉടൻ കുടുംബം നല്കിയ പരാതിയില്‍ എന്തു നടപടി സ്വീകരിച്ചുവെന്നറിയണമെന്നും അതിനാല്‍ കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന് ഇന്നു നേരിട്ട് ഹാജരാകണമെന്നും ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എം.ബി. സ്നേഹലത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന ആദ്യ പരാതിയിലും മരണശേഷമുള്ള കേസിലും എന്തു നടപടിയെടുത്തെന്ന് വിശദീകരിക്കണമെന്നും കോടതി നിർദേശിച്ചു. അമ്മ നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കഴിഞ്ഞദിവസമാണു കോടതിയിലെത്തിയത്.
പരാതി നല്കിട്ട് ആഴ്ചകളായിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനു പിന്നാലെയാണ് മരണവിവരം പുറത്തുവരുന്നത്.
പോലീസ് കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കില്‍ മകള്‍ ജീവിച്ചിരിക്കുമായിരുന്നുവെന്നും ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി.