പരുന്തുംപാറയിലെ കൈയേറ്റഭൂമിയിൽ സ്ഥാപിച്ച കുരിശ് പൊളിച്ചുനീക്കി
Tuesday, March 11, 2025 12:51 AM IST
തൊടുപുഴ: ഇടുക്കി പരുന്തുംപാറയിൽ കൈയേറ്റ ഭൂമിയിൽ സ്ഥാപിച്ച കുരിശ് റവന്യു സംഘം പൊളിച്ചു നീക്കി. ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്നായിരുന്നു നടപടി. തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫാണ് കൈയേറ്റ ഭൂമിയിൽ കുരിശ് സ്ഥാപിച്ചത്. കഴിഞ്ഞ രണ്ടിന് റവന്യുവകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകിയ സ്ഥലമാണിത്.
ജില്ലാ കളക്ടറുടെ നിരോധനാജ്ഞ മറികടന്ന് ഒഴിപ്പിക്കൽ നടപടി തടയാനാണ് ഉടമ ഇവിടെ കുരിശ് സ്ഥാപിച്ചതെന്നാണ് സൂചന. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ തൃക്കൊടിത്താനം സ്വദേശി സജിത്ത് ജോസഫ് 3.31 ഏക്കർ കൈയേറി വൻകിട റിസോർട്ട് നിർമിച്ചത്.
ഇതു കൈയേറ്റ ഭൂമിയാണെന്ന് ഹൈക്കോടതി നിയമിച്ച പ്രത്യേക അന്വേഷണസംഘം കണ്ടെ ത്തിയതോടെ നിർമാണ പ്രവർത്തനങ്ങൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ ലംഘിച്ച് റിസോർട്ടിനോട് ചേർന്ന് കുരിശ് നിർമിച്ചത്. പീരുമേട്, മഞ്ജുമല, വാഗമണ്‍ മേഖലകളിലെ കൈയേറ്റ ഭൂമിയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് വിലക്കുള്ളപ്പോഴാണ് ഇവിടെ കുരിശ് നിർമിച്ചത്.
കഴിഞ്ഞ ദിവസം ഈ പ്രദേശത്ത് ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ പരുന്തുംപാറ, വാഗമണ്‍ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ച് നിർമാണം നടത്തിയ ഏഴ് പേർക്കെതിരേ തഹസീൽദാരുടെ പരാതിയിൽ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. മഞ്ചുമല, വാഗമണ്‍, പരുന്തുംപാറ എന്നീ വില്ലേജുകളിലെ അഞ്ച് സർവേ നന്പറുകളുള്ള ഭൂമിയിലാണ് കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
ഈ നിയന്ത്രണം കാറ്റിൽപറത്തിയാണ് കൈയേറ്റക്കാരന്റെ കുരിശ് നിർമാണം. കുരിശ് മറ്റെവിടെയോ നിർമിച്ച് കൈയേറ്റ ഭൂമിയിൽ കൊണ്ടുവന്നു സ്ഥാപിച്ചതായാണ് സംശയം. പ്രദേശവാ സികളോട് ധ്യാനകേന്ദ്രമാണ് ഇവിടെ നിർമിക്കുന്നതെന്നാണ് ഉടമ പറഞ്ഞിരുന്നത്.
2017-ൽ പാപ്പാത്തിച്ചോലയിൽ സ്വകാര്യ വ്യക്തി കൈയേറി സ്ഥാപിച്ച കുരിശ് റവന്യു വകുപ്പ് നീക്കം ചെയ്തിരുന്നു.