ലഹരിക്കെതിരേ ഒരുമിക്കാം; നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ച
Tuesday, March 4, 2025 3:19 AM IST
തിരുവനന്തപുരം: ലഹരിയുടെ വ്യാപനത്തിനും അതുവഴിയുണ്ടാകുന്ന കുറ്റകൃത്യങ്ങൾക്കുമെതിരേ നാട് ഒരുമിക്കണമെന്ന വികാരവുമായി നിയമസഭ.
മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ വരെ ഈ വികാരം പങ്കുവച്ചു. ഇതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചയിലാണ് കക്ഷിഭേദമെന്യെ ലഹരിക്കെതിരായ വികാരം പ്രകടമായത്.
വിഷയം അവതരിപ്പിച്ച മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സർക്കാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചപ്പോഴും നാടു നേരിടുന്ന ഭീഷണിയുടെ യഥാർഥ ചിത്രം വരച്ചുകാട്ടി. കേരളം ഒരു കൊളംബിയ ആയി മാറുകയാണോ എന്ന ഭീതിയും അദ്ദേഹം പങ്കുവച്ചു.
കൊച്ചുകുട്ടികൾ വരെ ലഹരി മാഫിയയുടെ കൈകളിൽ അകപ്പെടുകയാണെന്നു പറഞ്ഞ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കുറ്റവാളികൾക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ സംരക്ഷണവും കൊടുക്കരുതെന്ന് ആവശ്യപ്പെട്ടു.
ലഹരിക്കെതിരേയുള്ള നിയമനടപടികളുമായി മുന്നോട്ടു പോകുന്പോഴും ഒരു സാമൂഹ്യപ്രശ്നമെന്ന നിലയിൽ എല്ലാവിഭാഗം ജനങ്ങളെയും അണിനിരത്തി വലിയൊരു ജനകീയ മുന്നേറ്റത്തിനു രൂപം നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ലഹരിക്കെതിരായ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി അവകാശപ്പെട്ടു. രാവിലെ അടിയന്തരപ്രമേയത്തിന്റെ നോട്ടീസ് കൊണ്ടുവന്നപ്പോൾതന്നെ സഭ നിർത്തിവച്ചുള്ള ചർച്ചയ്ക്കു തയാറാണെന്നു മുഖ്യമന്ത്രി സഭയെ അറിയിക്കുകയായിരുന്നു. തുടർന്നാണ് രണ്ടു മണിക്കൂർ ചർച്ച നടന്നത്.
ജനകീയ പ്രസ്ഥാനത്തിനു രൂപം നൽകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ലഹരിവ്യാപനത്തിനെതിരേ ജനകീയ പ്രസ്ഥാനത്തിനു രൂപം നൽകുന്നതിനായി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖരുടെയും വിദഗ്ധരുടെയും ആലോചനായോഗം വിളിച്ചുകൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ചെറുപ്പക്കാർക്കിടയിലെ ലഹരി ഉപയോഗവും കുറ്റകൃത്യങ്ങളും ക്രമസമാധാന പ്രശ്നമായി മാത്രം കാണാൻ കഴിയില്ല. ഇതിനു സാമൂഹിക മാനങ്ങളുമുണ്ട്. സമൂഹത്തിന്റെ എല്ലാ ധാരകളെയും ഉൾച്ചേർത്ത് വലിയ പ്രചാരണം നടത്തേണ്ടതുണ്ട്.
വിദ്യാലയങ്ങളെക്കൂടി ഇതിൽ പങ്കാളികളാക്കണം. അതിന് അനുയോജ്യമായ സമയത്താകണം പ്രചാരണം നടത്തേണ്ടത്. ഈ വിഷയത്തിൽ കക്ഷി, രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാൻ പാടില്ല.
സർക്കാരിന് ഒരു പദ്ധതിയും ഇല്ല: വി.ഡി. സതീശൻ
തിരുവനന്തപുരം: ലഹരിവ്യാപനം തടയാൻ സർക്കാരിന് വ്യക്തമായ ഒരു പദ്ധതിയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
ഈ വിഷയവുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഹരിഭീഷണി കേരളത്തിന്റെ മുൻഗണനാവിഷയമാണെന്നു കണ്ടെത്തി നേരിട്ടേ മതിയാകൂ. കുറേക്കൂടി ഗൗരവപൂർവമായ നടപടി ആവശ്യമാണ്.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണത്തിനു കാരണക്കാരായ വിദ്യാർഥികളെ തിരിച്ചെടുത്തു.
താമരശേരിയിൽ ഷഹബാസിനെ കൊലപ്പെടുത്തിയവരും പരീക്ഷ എഴുതി. ഇതു വിദ്യാർഥികൾക്കു നൽകുന്ന സന്ദേശം എന്താണെന്നു മനസിലാക്കണം.
അക്രമത്തിന്റെ രീതികൾ വരെ മാറി. നാടിനെ നടുക്കിയ കുറ്റകൃത്യത്തിൽ ഏർപ്പെട്ടവർക്ക് ഒന്നും സംഭവിക്കുന്നില്ലെന്ന സന്ദേശമാണു കൈമാറപ്പെടുന്നത്. കുറ്റവാളികൾക്കു രാഷ്ട്രീയ സംരക്ഷണം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു.
ഒന്നാമത്തെ ഉത്തരവാദി സർക്കാർ: ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിലെ ലഹരി വ്യാപനത്തിന്റെയും അതിന്റെ ഫലമായുണ്ടാകുന്ന അക്രമങ്ങളുടെയും ഒന്നാമത്തെ ഉത്തരവാദി സർക്കാരാണെന്നു രമേശ് ചെന്നിത്തല. ഇതുമായി ബന്ധപ്പെട്ട അടിയന്തരപ്രമേയം അവതരിപ്പിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒന്പതു വർഷം മുഖ്യമന്ത്രി ആയിരുന്ന് ലഹരിയെ ചെറുക്കാൻ പിണറായി വിജയൻ ഒന്നും ചെയ്തില്ലെന്നു രമേശ് കുറ്റപ്പെടുത്തി. കേരളത്തിൽ യഥേഷ്ടം മദ്യം ഒഴുക്കുകയാണു ചെയ്തത്. കേരളം ലഹരിമാഫിയയുടെ പിടിയിൽ അമരുന്പോഴാണ് പുതിയ ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിക്കുന്നത്.
കാന്പസുകളിൽ റാഗിംഗ് വ്യാപകമാകുകയാണ്. ഇതിനു നേതൃത്വം കൊടുക്കുന്നത് എസ്എഫ്ഐ ആണ്. ഇതുപോലെയങ്ങു പോയാൽ മതി എന്നാണ് എസ്എഫ്ഐ സമ്മേളനത്തിൽ പോയി മുഖ്യമന്ത്രി പറഞ്ഞത്. അവരെ തിരുത്താമായിരുന്നു.
ടി.പി. വധക്കേസ് പ്രതികൾക്ക് ആയിരത്തിലേറെ ദിവസമാണു പരോൾ നൽകിയത്. കാപ്പാ കേസ് പ്രതിയെ ഒരു മന്ത്രി മാലയിട്ടു സ്വീകരിച്ചു മുദ്രാവാക്യം വിളിക്കുന്നതു കണ്ട് കേരളം ലജ്ജിച്ചു. ലഹരി വ്യാപനം തടയുന്നതിൽ സർക്കാർ സന്പൂ ർണമായി പരാജയപ്പെട്ടെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.