കെപിസിസി സംസ്കാര സാഹിതി ഭാരവാഹിത്വങ്ങൾ റദ്ദാക്കി
Monday, March 3, 2025 5:35 AM IST
പയ്യന്നൂർ: കോൺഗ്രസ് നിയന്ത്രണത്തിലുള്ള കെപിസിസി സംസ്കാര സാഹിതി ഭാരവാഹിത്വങ്ങൾ റദ്ദാക്കി. മാധ്യമങ്ങളിൽ വന്ന പുതിയ ഭാരവാഹികളുടെ നിയമനവാർത്തകളുടെ മഷിയുണങ്ങും മുന്പാണ് റദ്ദാക്കൽ തീരുമാനം. സംസ്കാര സാഹിതി വൈസ് ചെയർമാനായി പയ്യന്നൂരിലെ എം. പ്രദീപ്കുമാറിന്റെ പേര് വന്നതിനെതിരേയുള്ള സമ്മർദങ്ങളാണു മുഴുവൻ ഭാരവാഹിത്വങ്ങളും റദ്ദ് ചെയ്യാനിടയാക്കിയതെന്നാണ് പുറത്തുവരുന്ന വിവരം.
മാടായി കോളജിലെ നിയമന വിവാദത്തെ തുടർന്നുള്ള നടപടികളുടെ ഭാഗമായി കോളജിലെ ഡയറക്ടർമാരിലൊരാളായ പ്രദീപ്കുമാറിനെ കോൺഗ്രസ് അംഗത്വത്തിൽനിന്നു പുറത്താക്കിയി രുന്നു. ഇക്കാരണം ചൂണ്ടിക്കാണിച്ചാണ് പ്രദീപ് കുമാറിനെ ഭാരവാഹിത്വത്തിലേക്കെടുത്തതിനെതിരേ ചിലർ കടുത്ത സമ്മർദമുണ്ടാക്കിയത്.
പ്രദീപ് കുമാറിനെ ഒഴിവാക്കണമെന്നായിരുന്നു സമ്മർദക്കാരുടെ ആവശ്യമെങ്കിലും നേതൃത്വം സംസ്കാര സാഹിതിയുടെ എല്ലാ ഭാരവാഹിത്വങ്ങളും റദ്ദാക്കുകയായിരുന്നു. ഉമ്മൻ ചാണ്ടിയുടേയും ആന്റണിയുടേയും കടുത്ത അനുയായി ആയിരുന്ന പ്രദീപ്കുമാർ 2017 മുതൽ സംസ്കാര സാഹിതിയുടെ വൈസ് ചെയർമാനാണ്. ഇത്തവണ ചെയർമാനും കൺവീനറും മാറിയപ്പോൾ പുതുക്കിയ ഭാരവാഹി പട്ടികയിൽ പഴയ സ്ഥാനം തന്നെ ഇദ്ദേഹത്തിന് നൽകുകയായിരുന്നു.
ഫോക്ലോർ അക്കാദമി സെക്രട്ടറികൂടിയായിരുന്ന പ്രദീപൻ പറയുന്നത് ഇദ്ദേഹത്തെ വേട്ടയാടാൻ ശ്രമിക്കുന്ന പയ്യന്നൂരിലെ ഗ്രൂപ്പിസത്തിന്റെ കഥയാണ്.
മാടായി കോളജ് വിഷയത്തിൽ തന്നെ പുറത്താക്കിയതാണ് അയോഗ്യതയായി കാണുന്നതെങ്കിൽ കോൺഗ്രസ് സെല്ലിന്റെ ഭാഗമായുള്ള കേരള എംപ്ലോയീസ് ഫ്രണ്ടിന്റെ ഭാരവാഹിത്വത്തിലും ഈ നീതി കാണിക്കേണ്ടേയെന്ന് പ്രദീപ് കുമാർ ചോദിക്കുന്നു. മാടായി കോളജ് വിഷയത്തിൽ അംഗത്വം നഷ്ടപ്പെട്ടയാൾക്ക് മേൽപ്പറഞ്ഞ സംഘടനയുടെ താലൂക്ക് കമ്മിറ്റി ഭാരവാഹിത്വം നൽകിയത് എങ്ങനെയെന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം.