ഭാര്യയെ വെടിവച്ചുകൊന്ന് ഭർത്താവ് ജീവനൊടുക്കി
Tuesday, March 4, 2025 2:20 AM IST
വടക്കഞ്ചേരി: കോയമ്പത്തൂരിലുള്ള ഭാര്യയെ കൊലപ്പെടുത്തി വീട്ടിൽ തിരിച്ചെത്തിയ മധ്യവയസ്കൻ സ്വയം വെടിയുതിർത്ത് ആത്മഹത്യചെയ്തു. വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കൃഷ്ണകുമാറാണ് (52) അധ്യാപികയായ ഭാര്യ സംഗീത(47)യെ വെടിവച്ചുകൊന്നശേഷം ജീവനൊടുക്കിയത്.
ഇന്നലെ രാവിലെയാണു സംഭവം. നെഞ്ചിൽ വെടിയേറ്റനിലയിൽ കൃഷ്ണകുമാറിന്റെ മൃതദേഹം വീടിന്റെ പുറകുവശത്തെ ഗേറ്റിനടുത്താണു കാണപ്പെട്ടത്. സമീപത്തുനിന്ന് ഒരടിയിലധികം നീളമുള്ള നാടൻ തോക്കും പോലീസ് കണ്ടെടുത്തു.
പഞ്ചായത്ത് മുൻ മെന്പറും കോൺഗ്രസ് നേതാവുമായിരുന്ന സുന്ദരന്റെ മകനാണ് കൃഷ്ണകുമാർ. കോയമ്പത്തൂർ കോഴിപാളയത്തുള്ള ഇന്ത്യൻ പബ്ലിക് സ്കൂളിലെ അധ്യാപികയാണ് സംഗീത. പ്ലസ് വണ്ണിനു പഠിക്കുന്ന അമീഷ, എട്ടാം ക്ലാസിൽ പഠിക്കുന്ന അക്ഷര എന്നീ രണ്ടു മക്കളുമായി സംഗീത സുളൂര് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള പട്ടണംപുത്തൂരിലെ വീട്ടിലാണു താമസിച്ചിരുന്നത്.
അച്ഛനും അമ്മയുമുള്ള വണ്ടാഴിയിലെ തറവാട്ടുവീട്ടിലും, ഭാര്യക്കും മക്കൾക്കുമൊപ്പം കോയമ്പത്തൂരിലുമുള്ള വീട്ടിലും കൃഷ്ണകുമാർ മാറിമാറിയാണു താമസം.
ഭാര്യയെ കൊലപ്പെടുത്തിയെന്നു ബന്ധുക്കളോടും സുഹൃത്തുക്കളോടും ഫോൺ ചെയ്തു പറഞ്ഞ് അവരോടെല്ലാം വീട്ടിൽ വരാൻ പറഞ്ഞതിനുശേഷമാണു സ്വയം വെടിയുതിർത്തത്. കോയമ്പത്തൂരിലുള്ള കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിനും ആത്മഹത്യക്കും കാരണമെന്ന് പോലീസ് പറഞ്ഞു.
വീട്ടിൽ അച്ഛൻ സുന്ദരനും രോഗിയായ അമ്മ സരോജവുമാണുള്ളത്. 17 വർഷത്തോളം മലേഷ്യയിലായിരുന്ന കൃഷ്ണകുമാർ കോവിഡിനെത്തുടർന്നാണ് നാട്ടിലെത്തി കൃഷിപ്പണിയിലേക്കു തിരിഞ്ഞത്. ഭാര്യയും മക്കളും കഴിഞ്ഞ ഓണത്തിനും വണ്ടാഴിയിലെത്തിയിരുന്നതായി അച്ഛൻ സുന്ദരൻ പറഞ്ഞു.
കോയമ്പത്തൂർ സ്വദേശി ഹരിദാസിന്റെ മകളാണ് സംഗീത. ആലത്തൂർ ഡിവൈഎസ്പി മുരളീധരൻ, സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി പി. ശശിധരൻ, മംഗലംഡാം എസ്ഐ ഷാജു, ഫോറൻസിക്, വിരലടയാളവിദഗ്ധർ തുടങ്ങിയവർ പരിശോധന നടത്തി.