ലഹരിയുടെ ഉറവിടം കണ്ടെത്തുന്നതിൽ സര്‍ക്കാര്‍ പരാജയപ്പെടുന്നു: മാര്‍ തറയില്‍
Tuesday, March 4, 2025 2:20 AM IST
ചങ്ങനാശേരി: കേരളം ഈ ദിവസങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്ന എല്ലാ വൈകൃതങ്ങളുടെയും ക്രുരതകളുടെയും ഉറവിടം മയക്കുമരുന്നു ലഹരിയാണെന്നും അവയുടെ ഉറവിടം കണ്ടെത്തി തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടുന്നുവെന്നും ചങ്ങനാശേരി ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍.
ചങ്ങനാശേരി കത്തീഡ്രല്‍ കബറിട പള്ളിയില്‍ അതിരൂപത ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ചു നടക്കുന്ന കരുണാര്ഥന എന്ന പേരില്‍ ആരംഭിച്ച 40 ദിനരാത്ര ആരാധനയുടെയും വചന ശുശ്രൂഷയുടെയും ഉദ്ഘടാനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
മയക്കുമരുന്നിന് അടിമകളായ ചെറുപ്പക്കാരും വിദ്യാര്‍ഥികളും കാട്ടിക്കൂട്ടുന്ന വൈകൃതങ്ങളും ക്രൂരതകളും നമ്മെ ഭയപ്പെടുത്തുകയാണ്.
ബോധവല്‍ക്കരണം കൊണ്ടുമാത്രം ഇതിനു പരിഹാരമാവുകയില്ല. മയക്കുമരുന്ന് വരുന്ന ഉറവിടങ്ങളെ തടയുവാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകണമെന്നും ആര്‍ച്ച്ബിഷപ് ആവശ്യപ്പെട്ടു.
സ്നേഹം നിറഞ്ഞ ആരോഗ്യകരമായ ബന്ധവും സ്വാതന്ത്ര്യവുമുള്ള കുടുംബത്തിലൂടെമാത്രമേ കുട്ടികളെ ആത്മവിശ്വാസത്തില്‍ വളര്‍ത്തിയെടുക്കാന്‍ കഴിയുകയുള്ളൂ. മാതാപിതാക്കള്‍ മക്കള്‍ക്ക് മാതൃകയാകണമെന്നും തോമസ് തറയില്‍ പറഞ്ഞു.