രണ്ട് കേസുകളിൽകൂടി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി
Tuesday, March 4, 2025 12:19 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ രണ്ട് കേസുകളിൽകൂടി പ്രതി അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ ഉച്ചയോടെ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത രണ്ട് കൊലക്കേസുകളിലാണ് നടപടി.
അനുജൻ അഫ്സാനെയും പെൺ സുഹൃത്തു ഫർസാനയെയും കൊലപ്പെടുത്തിയ കേസുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രി സെല്ലിൽ കഴിയുന്ന അഫാനെ പോലീസ് സംഘം സെല്ലിൽ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
നേരത്തേ മുത്തശിയെ കൊലപ്പെടുത്തിയ കേസിലാണ് പാങ്ങോട് പോലീസ് അഫാനെ അറസ്റ്റ് ചെയ്തത്. ഇനി രണ്ടുകൊലക്കേസുകളിൽ കൂടി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്താനുണ്ട്. വരും ദിവസങ്ങളിൽ മറ്റ് കൊലക്കേസുകളിലെയും അറസ്റ്റ് രേഖപ്പെടുത്തും.
എലി വിഷം കഴിച്ച പ്രതിയുടെ ആരോഗ്യനില തൃപ്തികരമാണെങ്കിലും മെഡിക്കൽ ബോർഡിന്റെ തീരുമാനപ്രകാരമായിരിക്കും പോലീസിന്റെ തുടർനടപടികൾ.