പെരുമഴയത്തും സമരവീര്യവുമായി ആശാ വര്‍ക്കര്‍മാര്‍
Monday, March 3, 2025 5:35 AM IST
തിരുവനന്തപുരം: അതിജീവനത്തിനായി സെക്രട്ടേറിയറ്റിനുമുന്നില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ പൊലീസ് അഴിപ്പിച്ചു.
ടാര്‍പോളിന്‍ കെട്ടി അതിനുതാഴെ പായ വിരിച്ചുകിടന്ന് ഉറങ്ങുകയായിരുന്ന ആശാ പ്രവര്‍ത്തകരെ ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെ വിളിച്ചുണര്‍ത്തിയാണ് പൊലീസ് ടാര്‍പോളിന്‍ അഴിപ്പിച്ചത്. ആശ പ്രവര്‍ത്തകര്‍ ഇത് ചോദ്യം ചെയ്തെങ്കിലും പൊലീസുകാര്‍ വഴങ്ങിയില്ല. പക്ഷേ ഇന്നലെ പകല്‍ പെയ്ത കനത്ത മഴയത്തും ചോരാത്ത സമരവീര്യവുമായി ആശ വര്‍ക്കര്‍മാര്‍ സമരം തുടര്‍ന്നു.
കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ ടാര്‍പോളിന്‍ ഉയര്‍ത്തിപ്പിടിച്ചാണ് സമരം ചെയ്യുന്ന പ്രവര്‍ത്തകര്‍ നിന്നത്. എന്നാല്‍ ഹൈക്കോടി ഉത്തരവുണ്ടെന്ന് കാണിച്ച് പൊലീസ് ടാര്‍പോളിന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന പരാതിയും സമരക്കാര്‍ക്കുണ്ട്. സമരം തുടങ്ങി കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ പ്രവര്‍ത്തകര്‍ ഇരിക്കുന്ന ഭാഗത്തെ വഴിവിളക്ക് മാത്രം പ്രവര്‍ത്തിക്കാതെയായി. പരാതി പറഞ്ഞതോടെ അത് മാറി. എന്നാലിപ്പോള്‍ വീണ്ടും ലൈറ്റുകള്‍ കത്തുന്നില്ലെന്നാണ് സമരക്കാര്‍ പറയുന്നത്.