ആശാമാരെ തൊഴിൽ നിയമങ്ങളുടെ പരിധിയിൽപ്പെടുത്താൻ സമ്മർദം ചെലുത്തും: മന്ത്രി വീണ
Tuesday, March 4, 2025 12:21 AM IST
തിരുവനന്തപുരം: ആശാമാർ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ വരണമെന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്നും ഇതിനായി കേന്ദ്രത്തിൽ സമ്മർദം ചെലുത്തുമന്നും മന്ത്രി വീണാ ജോർജ്.
കെ. ശാന്തകുമാരിയുടെ ശ്രദ്ധക്ഷണിക്കലിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ആശാമാർക്ക് രാജ്യത്ത് ഏറ്റവും കുടുതൽ ഓണറേറിയം നൽകുന്നതും കേരളത്തിലാണ്. 7,000 രൂപ ഓണറേറിയത്തിനു പുറമേ 3,000 രൂപ ഫിക്സഡ് ഇൻസന്റീവും മറ്റ് ജോലികൾക്കുള്ള ചെറിയ വേതനവും നൽകുന്നുണ്ട്.
2023-2024 സാന്പത്തിക വർഷത്തിൽ ആശാമാർക്ക് കേന്ദ്രം നല്കേണ്ട 100 കോടി രൂപയിൽ ഒരു പണവും ഇതുവരെ അനുവദിച്ചിട്ടില്ല. ഈ വിഷയം സംസ്ഥാനത്തുനിന്നുള്ള എംപിമാർ കേന്ദ്രത്തിനു മുന്നിൽ ഉന്നയിക്കണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു.