ഷഹബാസിന്റെ കൊലപാതകം ക്വട്ടേഷന്‍ ബന്ധമെന്ന് ആരോപണം
സ്വന്തം ലേഖകൻ
Monday, March 3, 2025 5:36 AM IST
കോഴിക്കോട്: താമരശേരിയിലെ സ്കൂള്‍ വിദ്യാര്‍ഥി ഷഹബാസ് കൊല്ലപ്പെട്ട കേസില്‍ പോലീസ് പിടിയിലായ ഒരു സഹപാഠിയുടെ പിതാവിനു ക്വട്ടേഷന്‍, രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് ആരോപണം. കേസിലുള്‍പ്പെട്ട ഒരു വിദ്യാര്‍ഥിയുടെ പിതാവ്, ടി.പി വധക്കേസ് പ്രതി ടി.കെ. രജീഷിനൊപ്പം നില്ക്കുന്ന ചിത്രം പുറത്തുവന്നതോടെയാണ് ആരോപണം ഉയര്‍ന്നത്.
ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണസമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്റെ പിതാവ് ആരോപിച്ചു. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് പോലീസിനു കിട്ടിയതും ഇയാളുടെ വീട്ടില്‍നിന്നാണ്.
ഷഹബാസിന്റെ കൊലപാതകത്തിന് ക്വട്ടേഷന്‍ സംഭവവുമായി ബന്ധമുണ്ടെന്നും അക്രമം നടക്കുമ്പോള്‍ സഹപാഠിയുടെ പിതാവും ബന്ധുക്കളും സ്ഥലത്തുണ്ടായിരുന്നുവെന്നും ഷഹബാസിന്റെ പിതാവ് ആരോപണമുന്നയിച്ചിട്ടുണ്ട്. ഇതിനു ബലം പകരുന്ന ചിത്രമാണു പുറത്തുവന്നത്. എന്നാല്‍ ചിത്രം എന്ന് എടുത്തതാണെന്നു വ്യക്തമല്ല.
പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കണമെന്നും സംഘര്‍ഷത്തിനു സഹപാഠികളുടെ രക്ഷിതാക്കള്‍ സാക്ഷിയാണെന്നും അക്രമത്തിന് പിന്നില്‍ ലഹരി സ്വാധീനമുണ്ടോയെന്ന് സംശയമുണ്ടെന്നും ഇക്ബാല്‍ പറഞ്ഞു.
പോലീസുകാരന്റെയും അധ്യാപികയുടെയും മക്കള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ അട്ടിമറിസാധ്യതയും പിതാവ് സംശയിക്കുന്നുണ്ട്. അതിനിടെ പിടിയിലായ അഞ്ചു വിദ്യാര്‍ഥികള്‍ക്കു പുറമേ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഇതിനായി സംഭവസ്ഥലത്ത് ഉണ്ടായിരുന്ന വിദ്യാര്‍ഥികളുടെയും സമീപത്തെ കടകളില്‍ സമയത്ത് ഉണ്ടായിരുന്ന ആളുകളുടെയും മൊഴി രേഖപ്പെടുത്തും. അതിനായി ട്യൂഷന് സെന്ററിന് സമീപത്തെ റോഡുകളിലെ സിസിടിവി ദൃശ്യങ്ങള്‍ മുഴുവന്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. പിടിയിലായ വിദ്യാര്‍ഥികള്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. ഇവരെ എസ്എസ്എല്‍സി പരീക്ഷ എഴുതിക്കാമെന്നാണ് തീരുമാനം.
പ്രതിഷേധ സാധ്യത കണക്കിലെടുത്ത് ഇവര്‍ക്ക് സ്കൂളിനു പകരം മറ്റേതെങ്കിലും പരീക്ഷാകേന്ദ്രം അനുവദിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. രക്ഷിതാക്കളുടെ അഭ്യർഥന പ്രകാരം ജുവൈനല്‍ ജസ്റ്റീസ് ബോര്‍ഡാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നല്‍കിയത്. കൊലക്കേസില്‍ പിടിയിലായ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്താനുള്ള നീക്കം തടയുമെന്ന് യൂത്ത്കോണ്‍ഗ്രസ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
പിടിയിലായ കുട്ടികളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തി
താമരശേരി: താമരശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകൻ മുഹമ്മദ് ഷഹബാസിന്റെ മരണത്തിൽ പിടിയിലായ കുട്ടികളുടെ വീടുകളിൽ താമരശേരി പോലീസ് പരിശോധന നടത്തി. സംഭവത്തിൽ അഞ്ചു കുട്ടികളാണു പിടിയിലായത്. ഇവർ ദുർഗുണ പരിഹാര പാഠശാലയിലാണ്.
തെളിവു നശിപ്പിക്കാതിരിക്കാൻ ഇവർ അഞ്ചു പേരുടെയും വീട്ടിൽ ഒരേ സമയത്താണ് പരിശോധന നടത്തിയത്. താമരശേരി എസ്എച്ച്ഒ. കെ. സായൂജിന്റെ നേതൃത്വത്തിൽ പോലീസ് അഞ്ചു സംഘങ്ങളായി തിരിഞ്ഞാണു പരിശോധന നടത്തിയത്.
സംഭവത്തിൽ പുറമേനിന്ന് ആർക്കെങ്കിലും പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. തലയ്ക്കേറ്റ മാരകമായ അടിയാണ് മരണകാരണമായത്. കരാട്ടേ പരിശീലകർ ഉപയോഗിക്കുന്ന നഞ്ചക്ക് ഉപയോഗിച്ചാണ് മർദിച്ചതെന്ന് പറയുന്ന സാഹചര്യത്തിൽ അത്തരം ആയുധങ്ങളും മൊബൈൽ ഫോണുകളും മറ്റ് തെളിവുകളും കണ്ടെത്താനാണ് പോലീസ് പരിശോധന നടത്തിയത്.