കുപ്രചാരണങ്ങള്‍ക്ക് മറുപടി നല്കി ആശമാരുടെ നിയമസഭാ മാര്‍ച്ച്
Tuesday, March 4, 2025 12:19 AM IST
തിരുവനന്തപുരം: നിയമസഭയുടെ മുന്നിലേക്ക് ആശാവര്‍ക്കര്‍മാര്‍ ഇന്നലെ നടത്തിയ മാര്‍ച്ച് കുപ്രചാരണങ്ങള്‍ക്കുള്ള മറുപടിയായി.
സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിവരുന്ന രാപകല്‍ സമരത്തിന്റെ 22-ാം ദിവസമാണ് ആശാവര്‍ക്കര്‍മാര്‍ നിയമസഭാ മാര്‍ച്ച് നടത്തിയത്. സെക്രട്ടേറിയറ്റ് പടിക്കലെ സമരവേദിയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് ആശാപ്രവര്‍ത്തകര്‍ അണിനിരന്നു.
നിയമസഭയ്ക്കു മുന്നില്‍ നടന്ന യോഗം കേരള ആശ ഹെല്‍ത്ത് വര്‍ക്കേഴ്സ് അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.മിനി ഉദ്ഘാടനം ചെയ്തു. ആശ വര്‍ക്കര്‍മാര്‍ നടത്തുന്ന ഉജ്ജ്വലമായ പ്രക്ഷോഭം കേരളത്തില്‍ ചരിത്രം രചിക്കുകയാണെന്ന് മിനി പറഞ്ഞു.
പൊതു സമൂഹത്തിന്റെ പിന്തുണയോടെ മുന്നേറുന്ന പ്രക്ഷോഭത്തിനെതിരെ അധിക്ഷേപങ്ങളും ആക്ഷേപങ്ങളും ചൊരിയുന്നവര്‍ക്ക് നല്കുന്ന മറുപടിയാണ് മാര്‍ച്ചില്‍ അണിനിരന്ന ആയിരങ്ങള്‍ എന്നും അവര്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദന് അധ്യക്ഷത വഹിച്ചു. എംഎല്‍എ കെ.കെ. രമ, ജനറല്‍ സെക്രട്ടറി എം.എ. ബിന്ദു, സംസ്ഥാന നേതാക്കളായ കെ. പി. റോസമ്മ, റോസി, ഷൈനി കോട്ടയം തുടങ്ങിയവര്‍ പ്രസംഗിച്ചു.