ഭാര്യക്കെതിരേ കേസ്: തെറ്റെന്നു തെളിഞ്ഞാല്‍ ഭര്‍ത്താവിനെതിരേ നടപടി വേണമെന്നു കോടതി
Tuesday, March 4, 2025 12:19 AM IST
കൊച്ചി: ഒന്നര വയസുള്ള സ്വന്തം മകളെ ലൈംഗികമായി പീഡിച്ചിച്ചെന്നാരോപിച്ച് ഭാര്യക്കെതിരെ ഭര്‍ത്താവ് നല്കിയ പോക്സോ കേസ് തെറ്റെന്നു തെളിഞ്ഞാല്‍ ഭര്‍ത്താവിനെതിരേ നടപടി വേണമെന്നു ഹൈക്കോടതി നിര്‍ദേശം.
ഭര്‍ത്താവ് നല്കിയ പരാതിയിന്മേല് കേസെടുത്ത പോലീസിന്റെ നടപടിയിലും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ആശ്ചര്യം പ്രകടിപ്പിച്ചു. വൈവാഹിക തര്‍ക്കം നാടിനു നാണക്കേടുണ്ടാക്കുന്ന തരത്തിലായെന്നും കോടതി നിരീക്ഷിച്ചു.
മുലകുടി മാറാത്ത മകളെ അമ്മ പീഡിപ്പിച്ചെന്നാരോപിച്ച് അച്ഛന് നല്കിയ പരാതിയില്‍ തൃശൂര്‍ കൊടുങ്ങല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസില്‍ യുവതിക്കു മുന്‍കൂര്‍ ജാമ്യം അനുവദിച്ച ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. ഹര്‍ജിക്കാരിയും ഭര്‍ത്താവും തമ്മില്‍ വൈവാഹിക തര്ക്കത്തിനുന് പുറമേ കുട്ടിയുടെ കസ്റ്റഡി സംബന്ധിച്ച കേസും നിലവിലുണ്ട്.
ഇതിനിടെയാണു കുട്ടിക്കു നേരെ യുവതിയില്‍നിന്നു ലൈംഗികാതിക്രം ഉണ്ടായെന്നു ഭര്‍ത്താവ് പരാതി നല്‍കിയത്. കുട്ടിയെ അമ്മ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നു മറ്റൊരു സ്ത്രീ പറഞ്ഞുവെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി.
പോക്സോ വകുപ്പ് ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തതും ഈ കേട്ടുകേള്‍വി പരാതിയുടെ അടിസ്ഥാനത്തിലാണ്. കൂടുതല്‍ അന്വേഷണം ആവശ്യമാണെന്നു സബ് ഇന്‍സ്പെക്ടര്‍തന്നെ കോടതിയില്‍ പറഞ്ഞിട്ടുള്ളതായി കോടതി ചൂണ്ടിക്കാട്ടി.
പരാതിക്കാരന്റെ മൊഴി അന്വേഷണ ഉദ്യോഗസ്ഥന്‍തന്നെ വിശ്വസിച്ചിട്ടില്ലെന്നാണ് ഇതില്‍ നിന്നു വ്യക്തമാകുന്നത്. സ്ത്രീകള്‍ പുരുഷന്മാര്ക്കെതിരേ നല്കുന്ന പരാതി മാത്രമല്ല, പുരുഷന്മാര് സ്ത്രീകള്‍ക്കെതിരേ നല്കുന്ന പരാതിയും എപ്പോഴും ശരിയാകണമെന്നില്ല. അതിനാല്‍, പരാതിയില്‍ ഏകപക്ഷീയ അന്വേഷണം പാടില്ല.
കുട്ടിയെ ഭര്‍ത്താവ് ബലമായി കൊണ്ടുപോയെന്ന്ു ഹര്‍ജിക്കാരി പരാതി നല്‍കിയിരുന്നു. ഇതില്‍ പോലീസ് നടപടിയെടുത്തില്ല. ഇതിനുശേഷമാണു ഭര്‍ത്താവിന്റെ പരാതിയുണ്ടായത്.