ഭാര്യയെയും യുവാവിനെയും കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍
Tuesday, March 4, 2025 2:20 AM IST
പത്തനംതിട്ട: ഭാര്യയെയും അയല്‍ക്കാരനായ യുവാവിനെയും കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കൂടല്‍ പാടം പടയണിപ്പാറ സ്ഥലത്ത് വൈഷ്ണ (30 ), പാടം കുറിഞ്ഞി സതിഭവനം വിഷ്ണു (30)എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് വൈഷ്ണയുടെ ഭര്‍ത്താവ് പാടം പടയണിപ്പാറ ബൈജു ഭവനത്തില്‍ ബൈജു വിനെ ( 34 ) പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി 11 ഓടെയായിരുന്നു സംഭവം. യുവതി തല്‍ക്ഷണം മരണപ്പെട്ടു, വിഷ്ണുവിനെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൊണ്ടുപോകും വഴിയും മരിച്ചു.
വിഷ്ണു അവിവാഹിതനാണ്. വൈഷ്ണയ്ക്ക് അയല്‍വാസി വിഷ്ണുവുമായി അവിഹിത ബന്ധമുണ്ടെന്ന സംശയത്തേ തുടര്‍ന്നായിരുന്നു കൊലപാതകമെന്നു പോലീസ് പറഞ്ഞു.
ഞായറാഴ്ച രാത്രി വൈഷ്ണ ഉപയോഗിച്ചുവന്ന രഹസ്യ ഫോണ്‍ ബൈജു കണ്ടെത്തി. ഇതില്‍ വിഷ്ണുവുമായുള്ള ചാറ്റുകള്‍ ശ്രദ്ധയില്‍പെട്ടതിനേ തുടര്‍ന്ന് വഴക്കുണ്ടായതായി പറയുന്നു.
ആക്രമണം ഭയന്ന യുവതി സമീപത്തു വാടകയ്ക്കു താമസിച്ചുവന്ന വിഷ്ണുവിന്റെ വീട്ടില്‍ അഭയം തേടി. കൊടുവാളുമായി പിന്തുടര്‍ന്ന ബൈജു, വിഷ്ണുവിന്റെ വീടിന്റെ സിറ്റൗട്ടില്‍ അതിക്രമിച്ചു കയറി വൈഷ്ണയെ വെട്ടിക്കൊല്ലുകയായിരുന്നു.
തുടര്‍ന്ന് വിഷ്ണുവിനെ സിറ്റൗട്ടിലേക്ക് വിളിച്ചിറക്കിയശേഷം അയാളെയും വെട്ടി പരിക്കേല്പിച്ചു. വിഷ്ണുവുമായി ഭാര്യക്കുള്ള ബന്ധം ചൂണ്ടിക്കാട്ടി ഇരുവരും നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് പോലീസിന്റെ അന്വേഷണത്തിലും വ്യക്തമായി.