ലത്തീൻ കത്തോലിക്കർക്ക് ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിൽ സ്പഷ്ടീകരണമുണ്ടാക്കും: മന്ത്രി
Tuesday, March 4, 2025 12:21 AM IST
തിരുവനന്തപുരം: കേരളത്തിലെ ലത്തീൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ടവർക്ക് ജാതി സർട്ടിഫിക്കറ്റ് നല്കുന്നത് സംബന്ധിച്ച് സ്പഷ്ടീകരണം പുറപ്പെടുവിക്കുന്ന വിഷയം പിന്നാക്ക വിഭാഗ വികസന വകുപ്പുമായി ചേർന്ന് പരിശോധിക്കുമെന്ന് റവന്യു മന്ത്രി കെ. രാജൻ. നിയമസഭയിൽ ടി.ജെ. വിനോദിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ജാതി സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള നിബന്ധനകളും മാർഗനിർദേശങ്ങളും പുറപ്പെടുവിക്കുന്നത് പിന്നാക്ക വിഭാഗ വികസന വകുപ്പാണ്. അത്തരത്തിൽ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾക്കനുസരണമായി സാക്ഷ്യപത്രങ്ങൾ അനുവദിക്കുക എന്നതാണ് റവന്യു വകുപ്പിന്റെ ചുമതല.
1947ന് മുന്പ് ലത്തീൻ കത്തോലിക്ക വിശ്വാസികളായി ചേർന്നവർക്കും അവരുടെ പിൻതലമുറക്കാർക്കും മാത്രമേ ലത്തീൻ കത്തോലിക്ക സർട്ടിഫിക്കറ്റിന് അർഹതയുള്ളൂ എന്ന നിബന്ധനയിൽ പിന്നോക്ക വിഭാഗ വികസന വകുപ്പ് ഇതുവരെ മാറ്റം വരുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.