മുനമ്പം: വഖഫ് സംരക്ഷണ വേദി ഹര്‍ജി വിധി പറയാന്‍ മാറ്റി
Tuesday, March 4, 2025 2:20 AM IST
കൊച്ചി: മുനമ്പം ഭൂമി വിഷയത്തില്‍ സര്‍ക്കാര്‍ ജുഡീഷല്‍ കമ്മീഷനെ നിയമിച്ചതിനെതിരായ വഖഫ് സംരക്ഷണ വേദിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജസ്റ്റീസ് ബെച്ചു കുര്യന് തോമസാണു ഹര്‍ജി വിധി പറയാന്‍ മാറ്റിയത്.
സര്‍ക്കാരും ഫാറൂഖ് കോളജ് മാനേജ്മെന്റും സ്ഥലവാസികളായ ചില വ്യക്തികളുമടക്കമുള്ളവരാണു കേസിലെ എതിര്‍കക്ഷികള്‍. ഹര്‍ജി നിലനില്‍ക്കില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്.
ഭൂമിയുമായി ബന്ധപ്പെട്ട കക്ഷികളോ കേസുമായി ബന്ധപ്പെട്ട് ആനുകൂല്യത്തിന് അര്‍ഹരായവരോ അല്ല ഹര്‍ജിക്കാര്‍. മുനമ്പം ഭൂമി വിഷയത്തില്‍ വസ്തുതാന്വേഷണമാണ് നടക്കുന്നതെന്നും ഇതിനായി ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ അധികാരമുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
മുന്‍ കോടതി ഉത്തരവുകളും വഖഫ് ട്രിബ്യൂണലിന്റെ പരിഗണനയില്‍ വിഷയം നിലനില്ക്കുന്നതുമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജുഡീഷല്‍ കമ്മീഷനെ നിയമിച്ചത് എന്തധികാരത്തിലാണെന്നു കോടതി വാക്കാല്‍ സംശയമുന്നയിച്ചിരുന്നു.
മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്നും ഇഷ്ട ദാനമാണെന്നുമാണ് ഭൂമിയുടെ കൈവശാവകാശം ഉണ്ടായിരുന്ന കോഴിക്കോട് ഫറൂഖ് കോളജിന്റെ വാദം. ഫറൂഖ് കോളജ് അധികൃതരില്‍നിന്നു വാങ്ങിയ ഭൂമിയാണ് തങ്ങളുടെതെന്നും വഖഫ് ഭൂമിയല്ലെന്നും ഭൂമിയില്‍ അവകാശമുന്നയിക്കുന്നവരും വാദമുന്നയിച്ചു.