മുണ്ടൂരിൽ ഓയിൽ കന്പനി ഗോഡൗണിനു മുൻ ജീവനക്കാരൻ തീവച്ചു, വൻ നഷ്ടം
Tuesday, March 4, 2025 2:20 AM IST
മുണ്ടൂർ (തൃശൂർ): ജോലിയിൽനിന്നു പിരിച്ചുവിട്ടതിന്റെ ദേഷ്യത്തിൽ ഓയിൽ കന്പനി ഗോഡൗണിനു മുൻ ജീവനക്കാരൻ തീവച്ചു. ഇന്നലെ പുലർച്ചെയുണ്ടായ തീപിടിത്തത്തിൽ സ്ഥാപനം പൂർണമായും കത്തിനശിച്ചു. വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്.
മൂന്നരക്കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു. കന്പനിയിലെ മുൻ ജീവനക്കാരനായ എളവള്ളി സ്വദേശി അരിമ്പൂർ തുറയൻ വീട്ടിൽ ടിറ്റോ തോമസ് (36) ആണ് സ്ഥാപനത്തിനു തീയിട്ടത്. സംഭവത്തിനുശേഷം പേരാമംഗലം സ്റ്റേഷനിലെത്തി കീഴടങ്ങിയ ഇയാൾ കുറ്റം സമ്മതിച്ചു.
ഇന്നലെ പുലർച്ചെ മൂന്നരയോടെയാണു തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. തൃശൂർ, ഗുരുവായൂർ, കുന്നംകുളം, വടക്കാഞ്ചേരി, ചാലക്കുടി എന്നിവിടങ്ങളിൽനിന്നായി അഞ്ചു യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ രാവിലെ പത്തോടെയാണു തീ നിയന്ത്രണവിധേയമാക്കിയത്.
പുലർച്ചെ സമയമായതിനാൽ ആളപായം ഒഴിവായി. എന്നാൽ സമീപത്തെ റബർ എസ്റ്റേറ്റിലേക്കു തീ പടർന്നു. മുളങ്കുന്നത്തുകാവ്, പേരാമംഗലം, സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
തൃശൂർ പൂത്തോൾ സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണു സ്ഥാപനം. തൃശൂർ മെഡിക്കൽ കോളേജ് പോലീസിനു കൈമാറിയ പ്രതി ടിറ്റോയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഒന്നരവർഷമായി കന്പനിയിൽ ജോലിചെയ്തിരുന്ന ഇയാളെ ഈ മാസം ഒന്നുമുതൽ ജോലിയിൽനിന്ന് ഒഴിവാക്കിയിരുന്നു.