വിദ്യാർഥികളിൽ ലഹരി വർധന ഇല്ലെന്ന് എക്സൈസ് മന്ത്രി
സ്വന്തം ലേഖകൻ
Monday, March 3, 2025 5:36 AM IST
തിരുവനന്തപുരം: ലഹരി അതിക്രമങ്ങളെ തുടർന്നു സംസ്ഥാനത്തു കൂട്ട അതിക്രമങ്ങളും കൊലപാതകങ്ങളും വ്യാപകമാകുന്പോൾ, വിദ്യാർഥികൾക്കിടയിൽ ലഹരി വർധിക്കുന്നില്ലെന്ന വിചിത്ര മറുപടിയുമായി എക്സൈസ് മന്ത്രി എം.ബി. രാജേഷ്.
സംസ്ഥാനത്തു ലഹരി ഉപയോഗം നിയന്ത്രണാതീതമാണെന്നും നിയന്ത്രിക്കാൻ കടുത്ത നടപടികൾ സ്വീകരിക്കണമെന്നും എക്സൈസ് ഇന്റലിജൻസ് വിഭാഗം സർക്കാരിന് പലപ്പോഴായി റിപ്പോർട്ട് നൽകിയിട്ടുള്ള സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിക്കുന്നില്ലെന്ന തെറ്റിദ്ധരിപ്പിക്കുന്ന മറുപടി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ നൽകിയത്. സ്കൂൾ കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യം നിലവിൽ ഉണ്ടോ എന്ന ആറ്റിങ്ങൽ എംഎൽഎ ഒ.എസ്. അംബികയുടെ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിനാണ് മന്ത്രി രാജേഷിന്റെ മറുപടി. ലഹരി ഉത്പന്നങ്ങളിൽ നിന്നും കുട്ടികൾക്ക് സുരക്ഷയും സംരക്ഷണവും നൽകാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിസര പ്രദേശങ്ങളും കേന്ദ്രീകരിച്ച് ശക്തമായ എൻഫോഴ്സ്മെന്റ് പ്രവർത്തനം നടത്തി വരുന്നു.
ലഹരി ഉപയോഗം സംശയിക്കുന്ന കുട്ടികളുടെ വിവരം അധ്യാപകരുടെ സഹായത്തോടെ കണ്ടെത്തി കൗണ്‍സ ലിംഗ് നൽകുന്നതിന് സ്കൂളുകളിൽ നേർവഴി എന്ന പദ്ധതി നടപ്പാക്കി വരുന്നുവെന്നും മന്ത്രിയുടെ മറുപടിയിൽ പറയുന്നു.