മഹാത്മജി കൊളുത്തിയ പ്രകാശം തിരിച്ചറിയണം: ശശി തരൂര്‍
Tuesday, March 4, 2025 2:20 AM IST
കോട്ടയം: രാഷ്ട്രപിതാവായ മഹാത്മാഗാന്ധി കൊളുത്തിയ പ്രകാശം തിരിച്ചറിയണമെന്നും അതു വീണ്ടും പ്രകാശിപ്പിക്കാന്‍ നാം തയാറാകണമെന്നും ശശി തരൂര്‍ എംപി.
1925 മാര്‍ച്ച് 15നു മഹാത്മാ ഗാന്ധി കോട്ടയം മെത്രാസന മന്ദിരത്തിലെത്തി ബിഷപ് മാര്‍ അലക്സാണ്ടര്‍ ചൂളപ്പറമ്പിലുമായി ചര്‍ച്ച നടത്തിയതിന്റെ ശതാബ്ദിയോടനുബന്ധിച്ച് ബിസിഎം കോളജില്‍ ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ സമകാലിക സമൂഹത്തില്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു ശശി തരൂര്‍.
ലഹരിക്കെതിരേ ശക്തമായ നിലപാടെടുത്തയാളാണ് ഗാന്ധിജി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുടര്ന്ന് മത-രാഷ്ട്രീയ നേതാക്കള്‍ ഇന്നത്തെ വിപത്തായ ലഹരിക്കെതിരേ നിലകൊള്ളണം. ലഹരിവിതരണത്തിന്റെ കണ്ണി മുറിച്ചുകളയുന്നതില്‍ സര്‍ക്കാരിനു വലിയ പങ്കുണ്ട്. ലാഭം കൊയ്യുന്നവനെ ശിക്ഷിക്കുന്നതുപോലെ ഇരകളാക്കപ്പെട്ടവരെ രക്ഷിക്കാനും സര്‍ക്കാര്‍ പദ്ധതി തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
മഹാത്മജിയുടെ എല്ലാ കേരള സന്ദര്‍ശനങ്ങളും വെറും സംഭവമായി മാത്രം കാണരുത്. 1925ല്‍ വൈക്കം സത്യഗ്രഹത്തിന് പിന്തുണ നല്കാന് കോട്ടയത്തെത്തിയ മഹാത്മാഗാന്ധി ആകെ അഞ്ചു തവണ കേരളത്തില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ കോട്ടയത്ത് മാത്രമാണ് ഒരു ബിഷപ്പിനെ നേരില്‍ കാണുന്നത്. ആ കൂടിക്കാഴ്ചയില്‍ മതത്തിനും വിശ്വാസത്തിനും ഉപരിയായി ജനങ്ങളുടെ സ്വാതന്ത്ര്യമായിരിക്കും ബിഷപ് അലക്സാണ്ടര്‍ ചൂളപ്പറമ്പിലുമായി അദ്ദേഹം ചര്‍ച്ച ചെയ്തിരിക്കുക. ഇന്നത്തേതുപോലെ രണ്ടു പേര് തമ്മിലുളള ചര്‍ച്ചയുടെ ഉള്ളടക്കം പുറത്തു വരാഞ്ഞത് അക്കാലത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ പോരായ്മയായി കാണരുതെന്നും ശശി തരൂര്‍ പറഞ്ഞു.
ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, ബിസിഎം കോളജ് മാനേജര്‍ ഫാ. ഏബ്രഹാം പറമ്പേട്ട്, പ്രിന്‍സിപ്പല്‍ ഡോ. കെ.വി. തോമസ് എന്നിവര്‍ പ്രസംഗിച്ചു.
മഹാത്മജിയുടെ സന്ദര്‍ശനം: ദീപിക വാര്‍ത്തകള്‍ വിസ്മയം പകരുന്നു
കോട്ടയം: നൂറു വര്‍ഷംമുമ്പ് ഗാന്ധിജിയുടെ കോട്ടയം സന്ദര്ശനവാര്ത്തകള് പ്രസിദ്ധീകരിച്ച ദീപികയുടെ കോപ്പി വായിക്കാനിടയായത് പ്രത്യേക അനുഭവവും അഭിമാനവുമായി കരുതുന്നതായി ശശി തരൂര്‍. ഞായറാഴ്ച ദീപിക കോട്ടയം ഓഫീസില്‍ എത്തിയപ്പോഴാണ് മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് പത്രത്തിന്റെ കോപ്പി സമ്മാനിച്ചത്.
100 വര്‍ഷം മുമ്പുള്ള പത്രം മനോഹരമായും ഭംഗിയായും ദീപികയില്‍ സൂക്ഷിച്ചിരിക്കുന്നു. ലഹരിക്കെതിരേ ശക്തമായ പോരാട്ടമാണ് ദീപിക ആരംഭിച്ചിരിക്കുന്നത്.
ആ പോരാട്ടത്തിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. ഗാന്ധിജി ജീവിച്ചിരുന്നെങ്കില്‍ ലഹരിക്കെതിരേയുള്ള യുദ്ധം അദ്ദേഹം തിടുക്കത്തില്‍ ആരംഭിക്കുമായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.