വന്യജീവിശല്യം രൂക്ഷമാകുമ്പോഴും ആര്‍ആര്‍ടിയില്‍ അഡ്ജസ്റ്റ്മെന്റ് മാത്രം
ബിനു ജോര്‍ജ്
Monday, March 3, 2025 5:35 AM IST
കോഴിക്കോട്: സംസ്ഥാനത്തു പതിവില്ലാത്തവിധം വന്യജീവിശല്യം രൂക്ഷമാകുന്നതിനിടെ, പ്രശ്നപരിഹാരത്തിനായി വനംവകുപ്പില്‍ രൂപവത്കരിച്ച റാപിഡ് റെസ്പോണ്‍സ് സംഘ (ആര്‍ആര്‍ടി)ങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിനു കൂടുതല്‍ തസ്തികകള്‍ അനുവദിക്കാതെ ഉള്ളതുകൊണ്ട് ഒപ്പിക്കാന്‍ സര്‍ക്കാര്‍.
അധിക സാമ്പത്തിക ബാധ്യത വരുമെന്ന കാരണത്താല്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കാതെ നിലവിലുള്ള തസ്തികകള്‍ താത്കാലികമായി ക്രമീകരിച്ചും ഉദ്യോഗസ്ഥര്‍ക്ക് അധികചുമതല നല്‍കിയും ആര്‍ആര്‍ടി പ്രവര്‍ത്തിക്കണമെന്നാണു സര്‍ക്കാരിന്റെ നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ആര്‍ആര്‍ടികളുടെ പ്രവര്‍ത്തനത്തിനായി മറ്റു റേഞ്ചുകളില്‍നിന്നു ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ഫോറസ്റ്റ് വാച്ചര്‍ തസ്തികകളില്‍ ജോലി ചെയ്യുന്നവരെ താത്കാലികമായി മാറ്റി നിയമിച്ച് അഡീഷണല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (ഭരണം) ഉത്തരവിറക്കി. അഞ്ചല്‍, പീരുമേട്, മൂന്നാര്‍, അട്ടപ്പാടി, കല്‍പ്പറ്റ, കാസർഗോഡ്, കോന്നി, ആലപ്പുഴ, മറയൂര്‍, പട്ടിക്കാട് എന്നീ ആര്ആര്ടികളിലാണ് താത്കാലിക ക്രമീകരണം. അഞ്ചല്‍, പീരുമേട്, മലയാറ്റൂര്‍, അട്ടപ്പാടി, കല്‍പ്പറ്റ, കാസർഗോഡ്, കോന്നി, ആലപ്പുഴ, മറയൂര്‍, പട്ടിക്കാട് ആര്‍ആര്‍ടികളുടെ ചുമതല സമീപ റേഞ്ചുകളിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് അധിക ചുമതലയായിട്ടാണു നല്‍കിയിരിക്കുന്നത്.
കോന്നി സ്ട്രൈക്കിംഗ് ഫോഴ്സ് റേഞ്ചില്‍നിന്ന് ഒറ്റയടിക്ക് 19 ജീവനക്കാരെയാണ് (16 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, രണ്ട് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, ഒരു ഡ്രൈവര്‍) കോന്നി ആര്‍ആര്‍ടിയിലേക്ക് പുനര്‍വിന്യസിച്ചിരിക്കുന്നത്. പുതിയതായി രൂപവത്കരിച്ച ഒന്‍പത് എണ്ണം അടക്കം സംസ്ഥാനത്ത് മൊത്തം 28 ആര്ആര്ടികളാണുള്ളത്.
ജനവാസകേന്ദ്രങ്ങളില്‍ വന്യജീവിശല്യമുണ്ടാകുമ്പോള് ദ്രുതഗതിയില്‍ കുതിച്ചെത്തി അവയെ തുരത്തുകയും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയുമാണ് ആര്‍ആര്‍ടികളുടെ ലക്ഷ്യം. ജീവനക്കാരുടെ കുറവു മൂലം വനംവകുപ്പിന്റെ പ്രവര്‍ത്തനം താളംതെറ്റുന്നതിനിടെയാണ് ആര്ആര്ടിക്കു വേണ്ടിയുള്ള താത്കാലിക ജോലി ക്രമീകരണം. ഇതു ജോലി ഭാരം ഇരട്ടിയാക്കുമെന്നും വകുപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നും ജീവനക്കാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്.