"കുറ്റവാളികളല്ല, അവർ ഇരകൾ'; വിദ്യാര്‍ഥികള്‍ക്കിടയിലെ മയക്കുമരുന്ന് ഉപയോഗത്തില്‍ ഡോ. തരൂർ
Tuesday, March 4, 2025 2:20 AM IST
കൊച്ചി: ലഹരിക്ക് അടിപ്പെടുന്ന വിദ്യാര്‍ഥികളെ കുറ്റവാളികളായല്ല കാണേണ്ടതെന്നും ഇരകളായി കണ്ട് സൗഹൃദപരമായ സമീപനത്തിലൂടെ സാധാരണ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണ് വേണ്ടതെന്നും ഡോ. ശശി തരൂര്‍ എംപി. ശതാബ്ദി ആഘോഷിക്കുന്ന എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ നൂറാമത് കോളജ് ദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ലഹരി ഉപയോഗിക്കുന്ന കൂട്ടുകാരെ സംരക്ഷിക്കാന്‍ അവരുടെ പേരുകള്‍ പുറത്തു പറയാതിരിക്കുന്നവരാണ് ഏറെ പേരും. യഥാര്‍ഥ സുഹൃത്തുക്കള്‍ അങ്ങനെയാകരുത്. അവരെ ലഹരിയുടെ പിടിയില്‍നിന്ന് മോചിപ്പിക്കാന്‍ അധ്യാപകര്‍ക്കൊപ്പം കൈകോര്‍ത്തു പ്രവര്‍ത്തിക്കണം.
അധ്യാപകര്‍ക്കും ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്വമുണ്ട്. ബോധവത്കരണത്തിലൂടെയും റിഹാബിലിറ്റേഷന്‍ ഘട്ടങ്ങളിലൂടെയും അവരെ ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരികയാണു വേണ്ടതെന്നും തരൂര്‍ പറഞ്ഞു.
ഉന്നത വിദ്യാഭ്യാസം എന്നത് അറിവ് നേടാനുള്ള മാര്‍ഗം മാത്രമല്ല, ബൗദ്ധിക കാഴ്ചപ്പാടോടെ ചിന്തിക്കുന്ന ഭാവി തലമുറയെ സൃഷ്ടിക്കുകയും അതുവഴി സാമൂഹികമായ വികസനം സാധ്യമാക്കുകയും ചെയ്യുന്നതാണ്.
കരിയര്‍ വികസിപ്പിക്കുന്നതിനൊപ്പം സമൂഹത്തിന് നല്ല സംഭാവനകള്‍ ചെയ്യാനുള്ള ഉത്തരവാദിത്വവും ഉന്നത പഠനം നടത്തുന്നവര്‍ക്കുണ്ട്. നിര്‍മിതബുദ്ധി അധിഷ്ഠിത പഠന സംവിധാനങ്ങള്‍ വിദ്യാഭ്യാസ മേഖലയുടെ മികവ് ഉയര്‍ത്തുക മാത്രമല്ല പഠനം കുറേക്കൂടി സാങ്കേതികവും ലളിതവുമാക്കി മാറ്റും.
മാറിവരുന്ന സാങ്കേതികവിദ്യകളെ ഉള്‍ക്കൊണ്ട് അധ്യാപകര്‍, വിദ്യാര്‍ഥികളെ സ്വയം പര്യാപ്തരാക്കണമെന്നും സ്വയം സംരംഭകത്വത്തിലേക്കു യുവതലമുറയെ വളര്‍ത്തിയെടുക്കാന്‍ വിദ്യാലയങ്ങളില്‍നിന്നുതന്നെ ശ്രമം ആരംഭിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പ്ലാറ്റിനം ജൂബിലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രിന്‍സിപ്പൽ ഡോ. അല്‍ഫോന്‍സ വിജയ ജോസഫ്, കോളജ് മാനേജരും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായ സിസ്റ്റര്‍ നീലിമ, ഡയറക്ടര്‍മാരായ സിസ്റ്റര്‍ ടെസ, സിസ്റ്റര്‍ ഫ്രാന്‍സിസ് ആന്‍, പിടിഎ വൈസ് പ്രസിഡന്റ് സന്ധ്യ സജീവ്, മൃദുല സാറ വര്‍ഗീസ്, അമീഷ എലിസബത്ത് ദിനേശ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ മികവു തെളിയിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.