കൃഷിയിടത്തിൽ കർഷകനെ കാട്ടുപന്നി കൊന്നു
Monday, March 3, 2025 5:45 AM IST
കൂത്തുപറമ്പ്: കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കർഷകനു കാട്ടുപന്നിയുടെ കുത്തേറ്റ് ദാരുണാന്ത്യം. മൊകേരി വള്ളിയായി അരുണ്ട കിഴക്കയിൽ എ.കെ. ശ്രീധരൻ (75) ആണു മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെയാണു നാടിനെ നടുക്കിയ ദാരുണസംഭവം.
പാട്യം പഞ്ചായത്തിലെ മുതിയങ്ങവയലിൽ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു കാട്ടുപന്നിയുടെ ആക്രമണം. നിലവിളി കേട്ട് ആളുകൾ ഓടിയെത്തുമ്പോൾ കാട്ടുപന്നി തുരുതുരാ കുത്തുന്നതാണു കണ്ടത്. ഗുരുതരമായി പരിക്കേറ്റ ശ്രീധരനെ ഉടൻ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ പരിശോധനയിൽ, സംഭവസ്ഥലത്തിന്റെ ഒന്നര കിലോമീറ്റർ അകലെ കാട്ടുപന്നിയെ ചത്ത നിലയിൽ കണ്ടെത്തി. സംഭവമറിഞ്ഞ് കെ.പി.മോഹനൻ എംഎൽഎ, പാട്യം പഞ്ചായത്ത് പ്രസിഡന്റ് എൻ.വി. ഷിനിജ, മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി. വത്സൻ തുടങ്ങിയവർ ആശുപത്രിയിലെത്തിയിരുന്നു.