ലഹരിയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാൻ നടപടി സ്വീകരിക്കും
Tuesday, March 4, 2025 12:21 AM IST
തിരുവനന്തപുരം: ലഹരിക്കടത്തുമായി ബന്ധപ്പെട്ടവരുടെ പട്ടിക തയാറാക്കി അവരെ പ്രത്യേകം നിരീക്ഷിച്ചു കുറ്റകൃത്യം തടയാൻ നടപടി സ്വീകരിക്കുമെന്നു മന്ത്രി എം.ബി. രാജേഷ്.
ഇതരസംസ്ഥാനങ്ങളിൽനിന്നു ലഹരിവസ്തുക്കൾ സംസ്ഥാനത്തേക്ക് എത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നുണ്ട്. അതിർത്തി പ്രദേശങ്ങളിലും ചെക്ക് പോസ്റ്റുകളിലും ശക്തമായ പരിശോധനകൾ നടക്കുന്നുണ്ട്.
റേഞ്ച്, സർക്കിൾ, സ്ക്വാഡ് ഓഫീസുകൾ എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങളും ഇന്റലിജൻസ് ഷാഡോ സംവിധാനങ്ങൾ ഉപയോഗിച്ചു രഹസ്യ വിവരശേഖരണവും നടക്കുന്നു. 24 മണിക്കൂറും പ്രവർത്തിക്കുന്ന അതിർത്തി പട്രോളിംഗ്, സ്ട്രൈക്കിംഗ് ഫോഴ്സ്, ഹൈവേ പട്രോളിംഗ് എന്നിവയും നടക്കുന്നു.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും ആർപിഎഫിന്റെ സഹകരണത്തോടെ പരിശോധനകൾ നടത്തി ലഹരിവസ്തുക്കൾ പിടിച്ചെടുക്കുന്നുണ്ട്. മറ്റു വകുപ്പുകളുമായി ചേർന്നു വ്യാപാര സ്ഥാപനങ്ങൾ, പാർക്കുകൾ, ബീച്ചുകൾ, ഒഴിഞ്ഞുകിടക്കുന്ന കെട്ടിടങ്ങൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലും പരിശോധനകൾ നടത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാന്പുകളിൽ നിരീക്ഷണം നടത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.