കോട്ടയം നഗരസഭയിലെ ക്രമക്കേട്: വിശദമായ അന്വേഷണം നടത്തുമെന്നു തദ്ദേശമന്ത്രി
Tuesday, March 4, 2025 12:21 AM IST
തിരുവനന്തപുരം: കോട്ടയം നഗരസഭയിലെ സാന്പത്തിക ക്രമക്കേടുകൾ സംബന്ധിച്ചു സീനിയർ ഫിനാൻസ് ഓഫീസറുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നു തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്.
ഇതുവരെ നടന്ന അന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ഇന്നു മുതൽ 14 വരെ സമയം നീട്ടിനൽകിയത്. കോട്ടയം നഗരസഭയുമായി ബന്ധപ്പെട്ട് തദ്ദേശമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ പ്രസ്താവന നടത്തിയെന്നു ചൂണ്ടിക്കാട്ടി തിരുവഞ്ചൂർ രാധാകൃഷ്ണൻ വിഷയം സഭയിൽ ഉന്നയിച്ചതിനുള്ള വിശദീകരണത്തിലാണ് ഗുരുതരമായ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ടെന്നു മന്ത്രി പറഞ്ഞത്.
സോഫ്റ്റ്വേറിൽ വന്ന പിശകു മൂലം വരവു ചെലവു കണക്കുകൾ രേഖപ്പെടുത്തിയപ്പോൾ വന്ന പിശകാണെന്നും അന്നുതന്നെ പിശകു തിരുത്തിയതായി നഗരസഭാ സെക്രട്ടറി റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും തിരുവഞ്ചൂർ ചൂണ്ടിക്കാട്ടി.
ആ റിപ്പോർട്ട് കൈവശം വച്ചുകൊണ്ടു മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു എന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി. എന്നാൽ, അന്വേഷണത്തിൽ കണ്ടെത്തിയ നിരവധി കാര്യങ്ങളിൽ ഒന്നിനേക്കുറിച്ചു മാത്രമാണു തിരുവഞ്ചൂർ പറഞ്ഞതെന്നു മന്ത്രി വിശദീകരിച്ചു.
മന്ത്രിയുടെ വകുപ്പിലെ ഉദ്യോഗസ്ഥർ നടത്തിയ ക്രമക്കേടുകൾ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ തലയിൽ വയ്ക്കുന്നതു ശരിയല്ലെന്ന് തിരുവഞ്ചൂർ പറഞ്ഞു. ക്രമക്കേടു നടത്തിയവരെ വെറുതേവിടില്ലെന്നു മന്ത്രി പറഞ്ഞു.