ലഹരി വ്യാപനം തടയാൻ രാഷ്ട്രീയ പാർട്ടികൾ
സ്വന്തം ലേഖകൻ
Monday, March 3, 2025 5:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ സർക്കാരും പോലീസും പരാജയപ്പെട്ട സാഹചര്യത്തിൽ ലഹരി വ്യാപനം തടയാൻ രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിലേക്ക് ഇറങ്ങുന്നു. കോണ്‍ഗ്രസും ബിജെപിയും പ്രത്യേകം പരിശീലനം സിദ്ധിച്ച പ്രവർത്തകരെ ലഹരി സംഘങ്ങളെ തടയാൻ രംഗത്ത് ഇറക്കും.
സമൂഹത്തിലെ ലഹരി ഉപയോഗവും വ്യാപനവും തടയുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ് തെരഞ്ഞെടുക്കുന്ന സന്നദ്ധ പ്രവർത്തകരെ ഉൾപ്പെടുത്തി മഹാത്മാ ഗാന്ധിയുടെ പേരിൽ മാനവ സേനയ്ക്ക് (മഹാത്മാ ആന്റി നാർകോട്ടിക് ആക്ഷൻ വോളന്റിയേഴ്സ്) രൂപം നൽകും. മാനവസേനയുടെ പ്രവർത്തനം മണ്ഡലം തലത്തിൽ കേരളം മുഴുവനായി വ്യാപിപ്പിക്കാനാണു തീരുമാനമെന്നു മുതിർന്ന കോണ്‍ഗ്രസ് നേതാക്കൾ അറിയിച്ചു.
ലഹരിക്കെതിരേ ബോധവത്കരണം, മയക്കുമരുന്നു വിതരണക്കാരെ കണ്ടെത്തി നിയമ സംവിധാനങ്ങളെ അറിയിക്കൽ തുടങ്ങിയവയാണ് മാനവ സേനയുടെ പ്രവർത്തന ലക്ഷ്യം. അതോടൊപ്പം കുട്ടികൾക്ക് കൗണ്‍സലിംഗ് നൽകുന്നതിനായി നിയോജക മണ്ഡലം, ബ്ലോക്ക് എന്നിവ കേന്ദ്രീകരിച്ച് കൗണ്‍സലിംഗ് കേന്ദ്രങ്ങളും ആരംഭിക്കും. ആശങ്കപ്പെടുത്തുന്നതും ഭീതിദവുമായ അക്രമസംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ലഹരി വ്യാപനം കുട്ടികളിലെ അക്രമവാസന വർധിക്കുന്നതിന് സ്വാധീനം ചെലുത്തുന്നതായാണു കോണ്‍ഗ്രസ് വിലയിരുത്തൽ.
ഇതോടൊപ്പം ലഹരി വ്യാപനം തടയാൻ ബിജെപി പ്രവർത്തകരും രംഗത്ത് ഇറങ്ങുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും പ്രഖ്യാപിച്ചിട്ടുണ്ട്.
ലഹരി വ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാർ ദയനീയമായി പരാജയപ്പെട്ട സാഹചര്യത്തിലാണ് ബിജെപിയും പ്രത്യേക സേനയുമായി ലഹരി വ്യാപനം തടഞ്ഞു യുവതലമുറയെ രക്ഷിക്കാൻ രംഗത്ത് എത്തുന്നത്. എന്നാൽ ഭരണ കക്ഷിയായ സിപിഎം ഇക്കാര്യത്തിൽ ഇനിയും മനസ് തുറന്നിട്ടില്ല.