വയനാട് ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളൽ; തീരുമാനം മൂന്നാഴ്ചയ്ക്കകം: കേന്ദ്രസര്‍ക്കാര്‍
Tuesday, March 4, 2025 2:57 AM IST
കൊച്ചി: വയനാട് മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളുന്ന കാര്യത്തില്‍ മൂന്നാഴ്ചയ്ക്കകം തീരുമാനമുണ്ടാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഇക്കാര്യത്തില്‍ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുടെ ശിപാര്‍ശകള്‍കൂടി പരിഗണിക്കേണ്ടതുണ്ട്. അതുവരെ ജപ്തിനടപടികള്‍ ഉണ്ടാകില്ലെന്നു സംസ്ഥാന സര്‍ക്കാരും ബാങ്കേഴ്സ് കമ്മിറ്റിയും ഉറപ്പാക്കണമെന്നു കോടതി നിര്‍ദേശിച്ചു.
കേന്ദ്ര ഫണ്ട് വിനിയോഗിച്ചുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ 2026 ഫെബ്രുവരി 11വരെ സമയം നീട്ടിനല്‍കണമെന്ന കേരളത്തിന്റെ അപേക്ഷ പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര വിഹിതമായ 1059 കോടി രൂപയുടെ 50 ശതമാനം ഈ മാസം 31നകം വിനിയോഗിക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു.
നടത്തിപ്പ് ഏജന്‍സിക്ക് ഈ മാസം തുക കൈമാറണമെന്നാണ് ഉദ്ദേശിച്ചതെന്നു കേന്ദ്രം വിശദീകരിച്ചു. പദ്ധതികള്‍ ഈ മാസം പൂര്‍ത്തിയാക്കുന്നത് അസാധ്യമെന്നു കോടതി വിലയിരുത്തി.
ഹര്‍ജി പരിഗണിക്കുന്ന 21നകം ഇക്കാര്യത്തില്‍ വ്യക്തത വരുത്താനും വയനാട് പുനരധിവാസ നടപടികള്‍ സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന ജസ്റ്റീസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റീസ് എസ്. ഈശ്വരന് എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് കേന്ദ്രത്തിനു നിര്‍ദേശം നല്കി.
പട്ടിക പ്രസിദ്ധീകരിച്ചു
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾപൊട്ടൽ ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കാനുള്ള ഗുണഭോക്തൃ പട്ടികയുടെ രണ്ടാംഘട്ട കരട് 2 ബി പട്ടിക പ്രസിദ്ധീകരിച്ചു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാർഡുകളിലെ 70 പേരാണ് പട്ടികയിൽ ഉൾപ്പെട്ടത്.
വാർഡ് 10 ൽ 18 പേരും വാർഡ് 11ൽ 37 പേരും വാർഡ് 12ൽ 15 പേരുമാണുള്ളത്. നോ ഗോ സോണിന് പുറത്ത് സ്ഥിതി ചെയ്യുന്ന ദുരന്തം കാരണം ഒറ്റപ്പെട്ടുപോകുന്ന വീടുകൾ, നോ ഗോ സോൺ പരിധിയിൽനിന്ന് 50 മീറ്ററിനുള്ളിൽ പൂർണമായി ഒറ്റപ്പെട്ട വീടുകളാണ് രണ്ടാംഘട്ട കരട് 2ബി പട്ടികയിലേക്ക് പരിഗണിച്ചത്.
പൊതുജനങ്ങൾക്ക് കളക്ടറേറ്റ്, മാനന്തവാടി റവന്യു ഡിവിഷൻ ഓഫീസ്, വൈത്തിരി താലൂക്ക് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത്, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും വെബ്സൈറ്റുകളിലും പട്ടിക പരിശോധിക്കാം.
രണ്ടാംഘട്ട കരട് 2 ബി പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും ഈ മാസം 13ന് വൈകുന്നേരം അഞ്ച് വരെ വൈത്തിരി താലൂക്ക് ഓഫീസ്, ജില്ലാ കളക്ടറുടെ ഓഫീസ്, മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ്, വെള്ളരിമല വില്ലേജ് ഓഫീസുകളിലും [email protected] ലും സ്വീകരിക്കും.
ആക്ഷേപങ്ങളിൽ സബ് കളക്ടർ സ്ഥല പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കും. ജില്ലാ ദുരന്ത നിവാരണ അഥോറിറ്റി ആക്ഷേപങ്ങൾ ഉന്നയിച്ചവരെ നേരിൽ കണ്ട് ആക്ഷേപങ്ങൾ തീർപ്പാക്കി അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നും ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.