യുവാവ് മുങ്ങിമരിച്ചു
Tuesday, March 4, 2025 2:20 AM IST
ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം വായില്ല്യാംകുന്ന് ആറാട്ടുകുളം വൃത്തിയാക്കുന്നതിനായി ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കഴുത്തിട്ടിലിൽ വീട്ടിൽ പരേതനായ സുകുമാരന്റെയും പ്രേമയുടെയും മകൻ ശ്രീനാഥ് (28) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് ശ്രീനാഥ് കുളത്തിൽ താഴ്ന്നുപോയത്. കോങ്ങാട്, മണ്ണാർക്കാട് എന്നിവിടങ്ങളിൽനിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വൈകുന്നേരം ആറരയോടെ പാലക്കാട്ടുനിന്നു സ്കൂബ ടീം എത്തി തെരച്ചിൽ ഊർജിതമാക്കിയിട്ടും ഫലമുണ്ടായില്ല. രാത്രി വൈകി സ്കൂബ ടീം തെരച്ചിൽ അവസാനിപ്പിച്ചു. തുടർന്ന് കുളത്തിലെ വെള്ളം വറ്റിക്കാൻ ശ്രമിച്ചെങ്കിലും മോട്ടോർ കേടായതിനാൽ ആ ശ്രമവും വിഫലമായി.
ഇന്നലെ രാവിലെമുതൽ വെള്ളം വറ്റിക്കാനുള്ള ശ്രമം പുനരാരംഭിച്ചു. തുടർന്നുനടന്ന തെരച്ചിലിലാണ് രാവിലെ ഒന്‍പതരയോടെ മൃതദേഹം ലഭിച്ചത്. മൃതശരീരം ചെളിയിൽ താഴ്ന്ന നിലയിലായിരുന്നു.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്കു മാറ്റി. ശ്രീനാഥ് വർക്ക്ഷോപ്പ് ജീവനക്കാരനാണ്.