പോട്ട ദേശീയ ബൈബിൾ കൺവൻഷൻ നാളെ തുടങ്ങും
Tuesday, March 4, 2025 2:20 AM IST
ചാലക്കുടി: മുപ്പത്താറാമത് പോട്ട ദേശീയ ബൈബിൾ കൺവൻഷൻ നാളെ തുടങ്ങും. ‘നമുക്ക് പ്രത്യാശയോടെ കൃപാവരത്തിന്റെ സിംഹാസനത്തെ സമീപിക്കാം’ എന്ന ആഹ്വാനവുമായി അഞ്ചുനാൾ നീളുന്ന ബൈബിൾ കൺവൻഷനായി പോട്ട ആശ്രമം ഒരുങ്ങി.
നാളെ രാവിലെ ഒന്പതിന് ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂക്കാടൻ കൺവൻഷൻ ഉദ്ഘാടനംചെയ്യും. കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ കൺവൻഷനിൽ ദിവ്യബലിയർപ്പിച്ച് വചനസന്ദേശം നൽകും.
സമാപനസന്ദേശം നൽകുന്നത് തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയാണ്. കൺവൻഷന്റെ വിവിധദിവസങ്ങളിലായി ഫാ. സേവ്യർഖാൻ വട്ടായിൽ, ബ്രദർ സന്തോഷ് കരുമത്ര, ഫാ. മാത്യു നായ്ക്കംപറമ്പിൽ വിസി, ഫാ. ജോർജ് പനയ്ക്കൽ വിസി തുടങ്ങിയവർ നേതൃത്വംനൽകും.
ദിവസവും രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ചുവരെയാണ് കൺവൻഷൻ. വിശുദ്ധ കുർബാനയും ദൈവവചനപ്രഘോഷണവും ആരാധനയും കുമ്പസാരവും എല്ലാദിവസവും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് ലഘുഭക്ഷണവും മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് താമസസൗകര്യവുമുണ്ടാകും.
കിടപ്പു രോഗികൾക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ആശ്രമം സ്റ്റോപ്പിൽ സൂപ്പർഫാസ്റ്റ് ബസുകൾക്കു പ്രത്യേകം സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. വാർത്താസമ്മേളനത്തിൽ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം, ഡയറക്ടർ ഫാ. ഡെർബിൻ ഇട്ടിക്കാട്ടിൽ, പോൾ അക്കര എന്നിവർ പങ്കെടുത്തു.