ലഹരിവിരുദ്ധ കാമ്പയിന്: ദീപികയ്ക്ക് തരൂരിന്റെ പ്രശംസ
Tuesday, March 4, 2025 2:20 AM IST
കൊച്ചി: യുവതലമുറയെ നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരേ ദീപിക ആരംഭിച്ച കാമ്പയിന് ഡോ. ശശി തരൂര്‍ എംപിയുടെ പ്രശംസ.
എറണാകുളം സെന്റ് തെരേസാസ് കോളജ് ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ പ്രസംഗിക്കവേയാണ് ദീപികയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് ലഹരി വിപത്തിനെതിരേ യുദ്ധം ആരംഭിക്കേണ്ട സമയമായെന്ന് തരൂര്‍ വിദ്യാര്‍ഥികളെ ആഹ്വാനം ചെയ്തത്.
മദ്യവും മയക്കുമരുന്നും കേരളത്തില്‍ ഇന്ന് വലിയ വിപത്തായി മാറിയിരിക്കുകയാണ്. ഇതിനെ അമര്‍ച്ച ചെയ്യാന്‍ ശക്തമായ നടപടികളും ജാഗ്രതയും സര്‍ക്കാരിന്റയും സമൂഹത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതുണ്ടെന്ന് തരൂര്‍ ഓര്‍മിപ്പിച്ചു.
ബോധവത്കരണമാണ് ഇതില്‍ ഒന്നാമത്തേത്. വിദ്യാലയങ്ങളിലും മതസ്ഥാപനങ്ങളിലുമെല്ലാം ബോധവത്കരണം ശക്തമാക്കണം. കുട്ടികളിലേക്ക് ലഹരിയെത്തുന്ന വഴികള്‍ കണ്ടെത്തി അത് ഇല്ലാതാക്കണം. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണം. വിദ്യാര്‍ഥികളിലെ അക്രമവാസന എന്തുകൊണ്ടാണ് ഇത്ര ക്രൂരമായ നിലയില്‍ വളരുന്നതെന്നത് പഠനവിഷയമാക്കേണ്ടതാണെന്നും തരൂര്‍ പറഞ്ഞു.
പുതുതലമുറയിലെ ലഹരി, അക്രമവാസനകള്ക്കെതിരെ ‘മയക്കം വിട്ടുണരാം’ എന്ന പേരില്‍ ദീപിക ആരംഭിച്ച കാമ്പയിനിൽ തരൂര്‍ പ്രതികരിച്ചിരുന്നു. ഒട്ടേറെ പ്രമുഖ വ്യക്തികളാണ് കാമ്പയിന്റെ ഭാഗമായി വിഷയത്തിലുള്ള തങ്ങളുടെ പ്രതികരണം ദീപികയിലൂടെ പങ്കുവച്ചത്.