ഷഹബാസ് കൊലപാതകം: പ്രതികളെ പരീക്ഷ എഴുതിപ്പിച്ച് പോലീസ്
Tuesday, March 4, 2025 2:20 AM IST
കോഴിക്കോട്: താമരശേരി ഷഹബാസ് കൊലപാതക കേസില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ഥികളെ വന്‍ പ്രതിഷേധങ്ങള്‍ക്കിടെ എസ്എസ്എല്‍സി പരീക്ഷ എഴുതിപ്പിച്ച് പോലീസ്.
കുട്ടികളെ വെള്ളിമാടുകുന്ന് ജുവനൈല്‍ ഹോം കോംപ്ലക്സില്‍ തന്നെയാണ് പരീക്ഷ എഴുതിപ്പിച്ചത്. വെള്ളിമാട്കുന്നിലെ എൻജിഒ ക്വാർട്ടേഴ്സ് ഹയർസെക്കൻഡറി സ്കൂളിൽ പ്രതികളെ പരീക്ഷ എഴുതിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.
പ്രതിഷേധം കനത്തതോടെ ഹോമിനുള്ളില്ത്തന്നെ സൗകര്യമൊരുക്കുകയായിരുന്നു. സ്കൂളിൽ പരീക്ഷ എഴുതിയാൽ മറ്റു വിദ്യാർഥികൾക്കു മാനസിക സമ്മർദം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നു പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
പ്രതിഷേധക്കാര്‍ പിരിഞ്ഞുപേകാനുള്ള സാധ്യത ഇല്ലാതായതോടെ ചോദ്യപേപ്പര്‍ ഉള്‍പ്പെടെ ജുവനൈല്‍ ഹോമിലേക്ക് എത്തിച്ചു നല്‍കുകയായിരുന്നു. 12 മണിയോടെ പരീക്ഷ പൂര്‍ത്തിയായ ശേഷം വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ മടങ്ങി.
യൂത്ത് കോണ്‍ഗ്രസ്, എംഎസ്എഫ് പ്രവര്‍ത്തകള്‍ പരീക്ഷാ കേന്ദ്രത്തിന് മുന്നില്‍ രാവിലെ മുതല്‍ തമ്പടിച്ചിരുന്നു. കെഎസ്യു പ്രവർത്തകർ പ്രതിഷേധ സമരത്തിനിടെ ജുവനൈൽ ജസ്റ്റീസ് ഹോമിലെ മതിൽച്ചാടികടന്നു. മതിൽ ചാടിയ പ്രതിഷേധക്കാരെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ജുവനൈൽ ജസ്റ്റീസ് ഹോം പരിസരത്ത് എത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ പി.കെ. നവാസ്, സംസ്ഥാന ട്രഷറർ അശഹ്ർ പെരുമുക്ക്, സാബിത്ത് മയനാട് തുടങ്ങിയ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് കരുതൽ തടങ്കലിലാക്കിയിരുന്നു. സംഘർഷവുമായി ബന്ധപ്പെട്ട് 85 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു കുറ്റാരോപിതരായവരുടെ പരീക്ഷാ കേന്ദ്രം താമരശേരി ഹയർസെക്കൻഡറി സ്കൂളിൽനിന്നു കോഴിക്കോട് വെള്ളിമാടുകുന്നിലേക്കു മാറ്റിയത്. എന്നാല്‍ താമരശേരിയില്നിന്നുള്പ്പെടെ പ്രതിഷേധക്കാര്‍ ഇന്നലെ വെള്ളിമാടുകുന്ന് പരിസരത്തെത്തി.
“വേദനയുണ്ടാക്കി”
മകന്റെ മരണത്തിൽ കുറ്റാരോപിതരായ കുട്ടികളെ പരീക്ഷ എഴുതിക്കരുതായിരുന്നു. കോപ്പി അടിച്ചാൽപോലും എസ്എസ്എൽസി പരീക്ഷയിൽനിന്നു വിദ്യാർഥികളെ മാറ്റിനിർത്തുമ്പോൾ കൊലപാതകികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നത് ഏറെ വിഷമമുണ്ടാക്കുന്നു.
-മുഹമ്മദ് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ