46 റോഡുകളുടെ നവീകരണത്തിന് 156 കോടിയുടെ ഭരണാനുമതി
Tuesday, March 4, 2025 12:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് 46 റോഡുകളുടെ നവീകരണത്തിന് 156.61 കോടി രൂപയുടെ ഭരണാനുമതിയായതായി പൊതുമരാമത്തു മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.
തിരുവനന്തപുരം ജില്ലയിൽ അരുവിക്കര, വാമനപുരം മണ്ഡലങ്ങളിലായി രണ്ടു റോഡുകൾക്ക് 9.42 കോടി രൂപയും കൊല്ലം ജില്ലയിൽ കൊട്ടാരക്കര മണ്ഡലത്തിലെ ഒരു റോഡിന് മൂന്നു കോടി രൂപയും ആലപ്പുഴ ജില്ലയിൽ അന്പലപ്പുഴ മണ്ഡലത്തിലെ ഒരു റോഡിന് ഒരു കോടി രൂപയും എറണാകുളം ജില്ലയിൽ പിറവം മണ്ഡലത്തിലെ റോഡിന് 4.55 കോടി രൂപയും ആണ് അനുവദിച്ചിട്ടുള്ളത്.
തൃശൂരിൽ ചേലക്കര, ഒല്ലൂർ മണ്ഡലങ്ങളിലെ രണ്ടു റോഡുകൾക്കായി 8 കോടി രൂപയ്ക്കും പാലക്കാട് ജില്ലയിൽ മലന്പുഴ, തരൂർ, കോങ്ങാട്, ഒറ്റപ്പാലം മണ്ഡലങ്ങളിലായി നാലു റോഡുകൾക്ക് 17.5 കോടി രൂപയ്ക്കും ഭരണാനുമതിയായി.
മലപ്പുറം ജില്ലയിൽ താനൂർ, തവനൂർ, ഏറനാട്, പൊന്നാനി, മഞ്ചേരി മണ്ഡലങ്ങളിലായി ഏഴു റോഡുകൾക്കാണ് ഭരണാനുമതി നല്കിയത്. 22.5 കോടി രൂപയുടെ പ്രവൃത്തിയാണ് ജില്ലയിൽ അനുവദിച്ചിരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, ബേപ്പൂർ, തിരുവന്പാടി, കോഴിക്കോട് നോർത്ത്, ബാലുശേരി, കോഴിക്കോട് സൗത്ത്, കൊയിലാണ്ടി, കുന്നമംഗലം, നാദാപുരം മണ്ഡലങ്ങളിലായി 14 റോഡുകൾ നവീകരിക്കുന്നതിന് 38.75 കോടി രൂപയ്ക്കും ഭരണാനുമതിയായിട്ടുണ്ട്.
വയനാട് മാനന്തവാടിയിലെ ഒരു റോഡിന് അഞ്ചു കോടി രൂപയ്ക്കാണ് അനുമതി. കണ്ണൂരിൽ പയ്യന്നൂർ, കല്യാശേരി, ധർമടം, തളിപ്പറന്പ്, മട്ടന്നൂർ, പയ്യന്നൂർ, അഴീക്കോട് മണ്ഡലങ്ങളിലെ എട്ട് റോഡുകൾക്കുവേണ്ടി 27.8 കോടി രൂപയ്ക്കും കാസർഗോഡ് ജില്ലയിലെ ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പുർ മണ്ഡലങ്ങളിലെ നാലു റോഡുകൾക്കായി 14.1 കോടി രൂപയ്ക്കും ഭരണാനുമതി ആയിട്ടുണ്ട്.