എഥനോൾ, ആൾക്കഹോൾ ഇറക്കുമതി; ജിഎസ്ടി ഇനത്തിൽ 100 കോടി നഷ്ടം
Tuesday, March 4, 2025 12:21 AM IST
തിരുവനന്തപുരം: മദ്യനിർമാണത്തിനുള്ള എഥനോളും എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളും ഇറക്കുമതി ചെയ്യുന്നതിലൂടെ കേരളത്തിന് ജിഎസ്ടി ഇനത്തിൽ 100 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നു മന്ത്രി എം.ബി. രാജേഷ്.
മദ്യനിർമാണത്തിനുള്ള എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളിനു മാത്രമാണ് ജിഎസ്ടി ഇല്ലാത്തത്. എഥനോളിന് അഞ്ചു ശതമാനം ജിഎസ്ടി ഉണ്ട്. 18 ശതമാനം ആയിരുന്നതു കേന്ദ്രം അഞ്ചാക്കി കുറയ്ക്കുകയായിരുന്നു.
ഇഎൻഎയുടെ മൂന്നിരട്ടിയാണു കേരളത്തിലേക്കു നാല് പെട്രോളിയം കന്പനികൾ ഇറക്കുമതി ചെയ്തിട്ടുള്ള എഥനോളിന്റെ അളവ്. 2030 ആകുന്പോഴേക്കു ബ്ലെൻഡിംഗ് 30 ശതമാനം ആക്കണമെന്നാണു കേന്ദ്രനയം. അങ്ങനെ വരുന്പോൾ ഇപ്പോൾ ഇറക്കുമതി ചെയ്യുന്ന 30 കോടി ലിറ്റർ സ്പിരിറ്റ് 75 കോടി ലിറ്ററെങ്കിലുമാകും. ഇതിലൂടെ 6,000 കോടി മുതൽ 10,000 കോടി വരെയുള്ള ബിസിനസാണു നഷ്ടമാകുന്നതെന്നു ധനമന്ത്രി ബജറ്റിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതിനാൽ വരുമാനവും തൊഴിലും ഉണ്ടാക്കുന്ന ആ അവസരം ഉപയോഗിക്കാൻ തന്നെയാണു സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്നു മന്ത്രി രാജേഷ് പറഞ്ഞു.
ഒയാസിസ് കന്പനിയുമായി ചർച്ച നടത്തിയിട്ടില്ല
എലപ്പുള്ളിയിൽ ബ്രൂവറി സ്ഥാപിക്കുന്ന ഒയാസിസുമായി ഒരു ചർച്ചയും സർക്കാർ നടത്തിയിട്ടില്ലെന്നു മന്ത്രി എം.ബി. രാജേഷ്. 10 ഘട്ട പരിശോധനകൾക്കു ശേഷമാണു കന്പനിക്ക് അനുമതി നൽകിയത്. സർക്കാരിനു തങ്ങളുടെ നയം നടപ്പാക്കാനുള്ള അവകാശം ജനങ്ങൾ നൽകിയിട്ടുണ്ട്.
മറ്റു സ്ഥലങ്ങളിൽ അപേക്ഷകളുമായി കൂടുതൽ സംരംഭകർ വന്നാൽ അതു നിയമാനുസൃതം പരിഗണിക്കും. എഥനോൾ, ഇഎൻഎ എന്നിവയിലൂടെ 3,000-4,000 കോടി രൂപയുടെ ബിസിനസ് നടക്കുന്നുവെന്നാണു കണക്ക്.
കേരളത്തിലേക്ക് എഥനോളും ഇഎൻഎയും പൂർണമായും ഇറക്കുമതി ചെയ്യുന്നത് അന്യസംസ്ഥാനങ്ങളിൽനിന്നാണ്. കേരളത്തിൽ ഒരു ലക്ഷം പേർക്കാണ് ഒരു ബെവ്കോ ഔട്ലെറ്റ് എങ്കിൽ കർണാടകയിൽ അത് 17,000 ആണ്. തമിഴ്നാട്ടിൽ അതിലുമേറെയാണ്. കേരളത്തിലാണ് ഏറ്റവും കുറവ് മദ്യശാലകളെന്നും മന്ത്രി പറഞ്ഞു.