തുടർഭരണത്തിന് മാർക്കിടാൻ സിപിഎം സമ്മേളനം
Tuesday, March 4, 2025 2:57 AM IST
റെനീഷ് മാത്യു
കണ്ണൂര്‍: സിപിഎം സംസ്ഥാന സമ്മേളനത്തിനു നാളെ കൊല്ലത്ത് കൊടിയേറുമ്പോള്‍ രണ്ടാം പിണറായി സർക്കാരിനെതിരേ ഭരണതലത്തിലും സംഘടനാതലത്തിലുമുണ്ടായ വീഴ്ചകള്‍ മിക്ക ജില്ലാ സമ്മേളനങ്ങളിലും ചര്‍ച്ചയായതിനാല്‍ സംസ്ഥാന സമ്മേളനത്തിലും ആവര്‍ത്തിക്കും. ഒന്ന്, രണ്ട് പിണറായി സര്‍ക്കാരുകളെ താരതമ്യം ചെയ്തുകൊണ്ടുള്ള ചര്‍ച്ചകള്‍ക്കായിരിക്കും കൊല്ലം സമ്മേളനം വേദിയാകുന്നത്.
മുഖ്യമന്ത്രി ഒഴികെ പുതുമുഖങ്ങളെ കുത്തിനിറച്ച രണ്ടാംമന്ത്രിസഭ മുന്‍ സര്‍ക്കാരിനെ അപേക്ഷിച്ച് ഏറെ ദുര്‍ബലമാണെന്ന വിലയിരുത്തൽ ജില്ലാ സമ്മേളനങ്ങളിൽ ഉയർന്നിരുന്നു. മുഖ്യമന്ത്രി ഭരിക്കുന്ന ആഭ്യന്തരവകുപ്പിനെതിരേയും വ്യാപക വിമർശനമായിരുന്നു ഉയർന്നിരുന്നത്. ഘടകകക്ഷിമന്ത്രിമാര്‍ പോലും പ്രതീക്ഷയ്ക്കൊത്തുയര്ന്നില്ലെന്ന വിമര്‍ശനവും സജീവമാണ്.
സിപിഎം മന്ത്രിമാര്‍ കൈകാര്യം ചെയ്യുന്ന ആരോഗ്യം, ധനകാര്യം, വിദ്യാഭ്യാസം, സാസ്കാരികം തുടങ്ങിയ വകുപ്പുകള്‍ ഒന്നാം പിണറായി സര്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ പരാജയമാണെന്ന വിലയിരുത്തല്‍ സിപിഎം നേതൃത്വത്തിനുണ്ട്. ഇക്കാര്യം ജില്ലാ സമ്മേളനങ്ങളിലും ഉയർന്നിരുന്നു.
ഒന്നാം പിണറായി സർക്കാരിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്തിരുന്ന കെ.കെ. ശൈലജയെ രണ്ടാം പിണറായി സർക്കാരിൽനിന്ന് ഒഴിവാക്കിയത് എറണാകുളത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ ചർച്ചയായിരുന്നു.
എന്നാൽ, പിണറായി വിജയനും സിപിഎം നേതൃത്വവും ഇത് അപ്പാടെ തള്ളിക്കളയുകയും ശൈലജയേക്കാള്‍ മികച്ച പ്രകടനം വീണാ ജോര്‍ജ് കാഴ്ചവയ്ക്കുമെന്നു പറഞ്ഞ് പ്രതിരോധിക്കുകയുമായിരുന്നു. ആരോഗ്യമന്ത്രിക്കസേരയില് അഞ്ചുവര്‍ഷം പൂര്‍ത്തിയാകാനിരിക്കെ വീണാ ജോര്‍ജ് എന്ത് അദ്ഭുതമാണു കാണിച്ചതെന്ന ചോദ്യവും സംസ്ഥാനസമ്മേളനത്തിൽ ഉയർന്നേക്കാം.
തോമസ് ഐസക്കിന്റെ ഭരണമികവ് കെ.എന്‍. ബാലഗോപാലില്‍നിന്നു കേരളത്തിനു കിട്ടിയോ?, സി.രവീന്ദ്രനാഥ് കൈകാര്യം ചെയ്ത വിദ്യാഭ്യാസവകുപ്പ് വി.ശിവന്കുട്ടിയിലേക്കും ആര്. ബിന്ദുവിലേക്കുമെത്തുമ്പോള് പൊതു, ഉന്നതവിദ്യാഭ്യാസ മേഖല വളര്‍ന്നോ തളര്‍ന്നോ എന്നുള്ള ചോദ്യങ്ങളും ഉയർന്നേക്കാം.
സാംസ്കാരികവകുപ്പിന്റെ ചുമതല എ.കെ. ബാലനില്‍നിന്നു സജി ചെറിയാനിൽ എത്തിയതോടെ മന്ത്രിയുടെ രാജിയിലേക്കുവരെ എത്തിച്ചത് നീണ്ട വിവാദങ്ങളുടെ ഘോഷയാത്രയായിരുന്നു.