എസ്എസ്എൽസി മലയാളം പരീക്ഷ വിദ്യാർഥികളെ കുഴച്ചില്ല
Tuesday, March 4, 2025 12:19 AM IST
കോട്ടയം: ഇന്നലെ ആരംഭിച്ച എസ്എസ്എൽസി മലയാളം പേപ്പർ ഒന്ന് കേരളപാഠാവലി പരീക്ഷ സാമാന്യം എളുപ്പമായിരുന്നു. കുട്ടികളെ കുഴക്കുന്ന ചോദ്യങ്ങൾ ഒന്നുംതന്നെ ഇല്ലായിരുന്നെങ്കിലും ശ്രദ്ധാപൂർവം ചോദ്യങ്ങൾ വായിച്ചില്ലെങ്കിൽ ചില ഉത്തരങ്ങൾ എഴുതാൻ വിഷമിക്കും.
ഉപന്യാസ ചോദ്യങ്ങൾ സുഗതകുമാരിയുടെ നന്ദി എന്ന കവിത ആശയ സമ്പുഷ്ടമായ ലളിതമായ ഒരു കവിത ആയതിനാൽ ആസ്വാദനക്കുറിപ്പ് തയാറാക്കുക താരതമ്യേന എളുപ്പമാണ്.
ദുരന്തമുഖത്ത് പകച്ചു പോകുന്ന ആളുകളുടെ ജീവിത ചിത്രീകരണം നടത്തുന്ന ഉരുളക്കിഴങ്ങ് തിന്നുന്നവർ എന്ന കഥയിലെ ജൂലിയാന എന്ന കഥാപാത്രത്തിന്റെ സ്വഭാവ നിരൂപണം കഥ നന്നായി മനസിലാക്കിയവർക്ക് എഴുതുന്നതിൽ പ്രയാസമില്ല.
കൊടിയ ദാരിദ്ര്യവും വിശപ്പും ദുരിതങ്ങളും നേരിടുന്ന മനുഷ്യരുടെ പ്രതിരൂപമായി ‘അക്കർ മാശി’ എന്ന ആത്മകഥാ ഭാഗത്ത് പ്രത്യക്ഷപ്പെടുന്ന ശരൺകുമാർ ലിംബാളയുടെ ജീവിതത്തെ വിശകലനം ചെയ്ത് മാനവിക മൂല്യങ്ങളുടെ പ്രാധാന്യം വർത്തമാനകാല സമൂഹത്തിൽ എന്ന വിഷയത്തിലെ പ്രഭാഷണവും താരതമ്യേന എളുപ്പമുള്ളതാണ്.
നാലു മാർക്കിന്റെ ചോദ്യങ്ങളിൽ ദസ്തേയെ വ് സ്കി എന്ന കഥാപാത്രത്തിന്റെ സ്വഭാവ നിരൂപണവും ‘പാവങ്ങൾ’ എന്ന നോവൽ ഭാഗത്തെ മെത്രാന്റെ കരുണാ പൂർവകമായ പ്രവർത്തനങ്ങൾ ഉണ്ടാക്കിയ പരിവർത്തനങ്ങളും എഴുതുന്നതിന് കുട്ടികൾക്ക് എളുപ്പമായിരുന്നു. ‘വിശ്വരൂപം’ എന്ന കഥയിലെ മിസ്സിസ് തലത്തിന്റെ അഭിപ്രായങ്ങൾ കഥയുടെ കേന്ദ്ര ആശയം എന്ന നിലയിൽ കുട്ടികൾക്ക് ഓർമയിൽനിന്ന് എളുപ്പത്തിൽ എഴുതാൻ കഴിയും.
നളചരിതം ആട്ടക്കഥയിലെ ഭാഗമായ ‘പ്രലോഭനം’ എന്ന പാഠഭാഗത്തുനിന്ന് പുഷ്കരൻ എന്ന കഥാപാത്രത്തിന്റെ സ്വഭാവ വിശേഷതകളും വെള്ളായിയപ്പൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒ.വി. വിജയന്റെ കടൽതീരത്ത് എന്ന കഥയിലെ ഭാവസാന്ദ്രമായ സന്ദർഭങ്ങളും കുട്ടികൾക്ക് ഓർത്തെടുക്കാൻ കഴിയുന്നവയാണ്.
വർത്തമാനകാല സമൂഹത്തിൽ ക്രോധം വരുത്തിവയ്ക്കുന്ന വിനകൾ എന്തെല്ലാമാണെന്ന് എഴുത്തച്ഛന്റെ ‘ലക്ഷ്മണ സാന്ത്വനം’ എന്ന പാഠഭാഗത്തെ അടിസ്ഥാനപ്പെടുത്തി മനസിലാക്കിയത് വേഗത്തിൽ എഴുതാൻ കഴിയുന്നതാണ്. ‘യുദ്ധത്തിന്റെ പരിണാമം’ എന്ന പാഠഭാഗത്തെയും ‘പ്രിയദർശനം’ എന്ന പാഠഭാഗത്തെയും ‘മൈക്കലാഞ്ചലോ മാപ്പ്’ എന്ന പാഠഭാഗത്തെയും അടിസ്ഥാനപ്പെടുത്തിയുള്ള രണ്ടു മാർക്കിന്റെ ചോദ്യങ്ങളും താരതമ്യേന എളുപ്പമാണ്.
ഒരു മാർക്കിന്റെ ഒന്നു മുതൽ അഞ്ചു വരെയുള്ള ചോദ്യങ്ങളിൽ അഞ്ചാമത്തെ ചോദ്യം മാത്രമാണ് അല്പം എങ്കിലും കുഴക്കുന്ന ഒരു ചോദ്യമായി കടന്നുവന്നിട്ടുള്ളത് ബാക്കി എല്ലാ ചോദ്യങ്ങൾക്കും ഉത്തരങ്ങൾ നേരിട്ടുതന്നെ കണ്ടെത്താവുന്നവിധമാണ് വന്നിട്ടുള്ളത്. മലയാളം പരീക്ഷ ഒന്നാം പേപ്പർ കുട്ടികൾക്ക് താരതമ്യേന എളുപ്പമുള്ളതായിരുന്നു.
(വർഗീസ് ആന്റണി, മലയാളം അധ്യാപകൻ, സെന്റ് ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ,
ചങ്ങനാശേരി )