ലഹരിയിൽ അന്വേഷണം പാളുന്നു; എക്സൈസ് ക്രൈംബ്രാഞ്ചില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ല
Tuesday, March 4, 2025 12:19 AM IST
സീമ മോഹന്‍ലാല്‍
കൊച്ചി: സംസ്ഥാനത്ത് എക്സൈസ് വകുപ്പ് അന്വേഷിക്കുന്ന ലഹരിക്കേസുകളില്‍ അന്വേഷണം യഥാര്‍ഥ കുറ്റവാളികളിലേക്ക് എത്തുന്നില്ലെന്ന് ആക്ഷേപം. കുറ്റമറ്റ രീതിയില്‍ അന്വേഷണം നടത്തുന്ന എക്സൈസ് ക്രൈംബ്രാഞ്ച് വിഭാഗത്തില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതാണ് പ്രതിസന്ധിക്കു കാരണം.
ലഹരിമരുന്നുകള്‍ പിടികൂടുന്ന കേസുകളില്‍ പലപ്പോഴും തുടരന്വേഷണം നടക്കാറില്ലെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍തന്നെ സമ്മതിക്കുന്നു. പിടിയിലായ പ്രതികളെ മാത്രം ഉൾപ്പെടുത്തി കുറ്റപത്രം സമര്‍പ്പിച്ച് കേസ് അവസാനിപ്പിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്.
യഥാര്‍ഥ പ്രതികളിലേക്ക് അന്വേഷണം എത്താതെവരുന്നത് ലഹരി മാഫിയ പലപ്പോഴും തണലാകുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ലഹരിയെത്തിക്കുന്ന വന്‍ മാഫിയകളെ സംബന്ധിച്ച നൂറോളം കേസുകളും അന്വേഷണം എങ്ങുമെത്താതെ എക്സൈസിന്റെ കൈവശമുണ്ട്.
താലൂക്കുതലം മുതല്‍ ജില്ലാതലം വരെയുള്ള ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വേണ്ടത്ര ഉദ്യോഗസ്ഥര്‍ നിലവില്‍ എക്സൈസ് വകുപ്പിലില്ല. എക്സൈസ് എന്‍ഫോഴ്സ്മെന്റ്, വിമുക്തി പ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ടവരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ജില്ലാ തലവന്മാരുടെ ഒഴിവുകളും ഇക്കൂട്ടത്തിലുണ്ട്.
എക്സൈസിന്റെ പ്രഥമ കര്‍ത്തവ്യമായ എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ക്ക് വിമുക്തി മിഷന് പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും വിഘാതം സൃഷ്ടിക്കുന്നുണ്ട്. എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനം നടത്തേണ്ട പല ഉദ്യോഗസ്ഥരെയും വിമുക്തി മിഷനിലേക്ക് നിയമിച്ചതുമൂലം എന്‍ഫോഴ്സ്മെന്റിന്റെ പ്രവര്‍ത്തനം താളം തെറ്റിയെന്നും ആക്ഷേപമുണ്ട്.
യാതൊരു യോഗ്യതയുമില്ലാത്ത എക്സൈസ് ഉദ്യോഗസ്ഥരെയാണ് ലഹരിക്കെതിരെയുള്ള കൗണ്‍സലിംഗ് നടത്താനായി വിമുക്തി മിഷനില്‍ നിയമിച്ചിരിക്കുന്നത്. ഇതിനെതിരേ സേനയില്‍ത്തന്നെ ആക്ഷേപമുണ്ട്. എക്സൈസ് ക്രൈംബ്രാഞ്ചിലേക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതിലൂടെ ലഹരിക്കേസുകളില്‍ കാര്യക്ഷമമായ അന്വേഷണം നടത്താനാകുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.