കാട്ടുപന്നി ആക്രമണം: രണ്ടിടങ്ങളിൽ മൂന്നുപേർക്ക് പരിക്ക്
Monday, March 3, 2025 5:35 AM IST
മംഗലംഡാം/വെള്ളരിക്കുണ്ട്: രണ്ടിടങ്ങളിലായി കാട്ടുപന്നിയുടെ ആക്രമണങ്ങളിൽ വിദ്യാർഥികൾ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. ചിറ്റടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ അയൽവാസികളായ രണ്ടു വിദ്യാർഥികൾക്കു പരിക്കേറ്റു.
ചിറ്റടി ആയാംകുടിയിൽ സിബിയുടെ മകനും മംഗലംഡാം ലൂർദ്മാതാ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ് വിദ്യാർഥിയുമായ ആന്റോ(16), ചിറ്റടി പനച്ചിക്കൽ പ്രിൻസിന്റെ മകൻ വണ്ടാഴി സിവിഎം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥി അലക്സ്(16) എന്നിവർക്കാണു പരിക്കേറ്റത്. ആന്റോയെ തൃശൂർ എലൈറ്റ് ആശുപത്രിയിലും അലക്സിനെ വള്ളിയോട് സെന്റ് ജോസഫ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ ഒന്പതോടെ മംഗലംഡാം വലതുകര കനാൽറോഡിൽ ചിറ്റടിക്കു സമീപമാണു കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. തള്ളപ്പന്നി കുട്ടികളോടൊപ്പം കുറച്ചുദിവസമായി പ്രദേശത്തുണ്ടെന്നു നാട്ടുകാർ പറഞ്ഞു.
നീതിപുരത്തെ ഒരു രോഗിയുടെ ചികിത്സാചെലവിനു പണം കണ്ടെത്താൻ അമ്മമാർ നടത്തിയ ബിരിയാണി ചലഞ്ചിലെ ബിരിയാണി പാക്കറ്റുകൾ വീടുകളിലെത്തിക്കാൻ ഇലക്ട്രിക് മൊപ്പെഡിൽ പോകുന്നതിനിടെയാണ് വിദ്യാർഥികളെ കാട്ടുപന്നി പാഞ്ഞെത്തി ആക്രമിച്ചത്. ചുണ്ടിൽ സാരമായ പരിക്കേറ്റ ആന്റോയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയതായി സിബി പറഞ്ഞു. ആന്റോയാണു സ്കൂട്ടർ ഓടിച്ചിരുന്നത്. പരീക്ഷ ആരംഭിക്കാനിരിക്കെയാണ് വിദ്യാർഥികൾ അപകടത്തിൽപ്പെട്ടത്.
മാസങ്ങൾക്കുമുന്പ് ഇതിനടുത്ത് മെയിൻറോഡിൽ പന്നി കുറുകെച്ചാടിയതോടെ ഓട്ടോ മറിഞ്ഞ് അഞ്ചുപേർക്കു പരിക്കേറ്റിരുന്നു.
വെള്ളരിക്കുണ്ട് പാത്തിക്കരയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകനു സാരമായ പരിക്കേറ്റു. ചെറുകരക്കുന്നേൽ അലക്സി (റെജി) നെയാണ് കഴിഞ്ഞ ദിവസം രാവിലെ റബർ ടാപ്പിംഗിനിടെ കാട്ടുപന്നി ആക്രമിച്ചത്. നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ റെജി സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കുശേഷം വീട്ടിൽ വിശ്രമത്തിലാണ്.
45 ദിവസത്തെ വിശ്രമമാണു ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. ഇൻഫാം ജില്ലാ രക്ഷാധികാരിയും വെള്ളരിക്കുണ്ട് ഫൊറോന വികാരിയുമായ റവ.ഡോ. ജോൺസൺ അന്ത്യാംകുളം, ജില്ലാ നേതാക്കളായ ജോസഫ് പുല്ലാട്ട്, തോമസ് പാലമറ്റം, ജിജി കുന്നപ്പള്ളി, ആന്റണി കുമ്പുക്കൽ, ടോമി ചന്ദ്രൻകുന്നേൻ എന്നിവർ റെജിയെ സന്ദർശിച്ചു.