വൃക്ക ശസ്ത്രക്രിയാവിദഗ്ധൻ ഡോ. ജോർജ് പി. ഏബ്രഹാം മരിച്ച നിലയിൽ
Tuesday, March 4, 2025 2:57 AM IST
നെടുമ്പാശേരി: പ്രമുഖ വൃക്ക ശസ്ത്രക്രിയാ വിദഗ്ധൻ ഡോ. ജോർജ്. പി. ഏബ്രഹാം (77) അന്തരിച്ചു. നെടുന്പാശേരി തുരുത്തുശേരിയിലുള്ള സ്വന്തം ഫാം ഹൗസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
നാലര പതിറ്റാണ്ടോളമായി വൃക്കചികിത്സാരംഗത്തുള്ള ഡോ. ജോർജ് 3600 ലധികം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടത്തിയിട്ടുണ്ട്. കൊച്ചി വിപിഎസ് ലേക്ഷോറിലെ യൂറോളജി ആൻഡ് റീനൽ ട്രാൻസ്പ്ലാന്റ് വിഭാഗം തലവനായിരുന്നു.
ഗോവണിയിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ ഞായറാഴ്ച അർധരാത്രിയോടെയാണു മൃതദേഹം കണ്ടെത്തിയത്. സന്ധ്യക്ക് ഏഴിന് ഇളയ സഹോദരൻ പോൾ. പി. ഏബ്രഹാമിനും മകൻ ഡോ. ഡാക്സണിനുമൊപ്പമാണു ഡോ. ജോർജ് ഫാം ഹൗസിലെത്തിയത്.
വൈകാതെ ഇരുവരും മടങ്ങി. സാധാരണ പത്തോടെ എറണാകുളത്തെ വീട്ടിൽ മടങ്ങിയെത്താറുള്ള ഡോക്ടറെ കാണാതിരുന്നപ്പോൾ മകൻ ഫോൺ ചെയ്തെങ്കിലും കിട്ടിയില്ല. ഫാം ഹൗസിലെത്തി അന്വേഷിച്ചപ്പോഴാണു മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസെത്തി മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
ഡോ. ജോർജിന്റെ ആത്മഹത്യക്കുറിപ്പ് സ്ഥലത്തുനിന്നു കണ്ടെടുത്തതായി നെടുമ്പാശേരി പോലീസ് അറിയിച്ചു. തനിക്കു ശക്തമായ നടുവേദനയും കൈവേദനയും ഉണ്ടെന്നും രോഗികളെ പരിശോധിക്കാൻ വേണ്ടത്ര ഏകാഗ്രത ലഭിക്കുന്നില്ലെന്നും അതുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയാണെന്നും കുറിപ്പിലുണ്ടെന്ന് പോലീസ് പറഞ്ഞു.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിനു ചെറുതോട്ടുകുന്നേൽ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ.
യാക്കോബായ സഭയിലെ കോറെപ്പിസ്കോപ്പയായിരുന്ന പരേതനായ ഏബ്രഹാം പളത്തുള്ളിലിന്റെയും സാറാമ്മയുടെയും മകനാണ്. ഭാര്യ: ഡെയ്സി ജോർജ്. മകൻ: ഡോ. ഡാറ്റ്സൺ പി. ജോർജ് (യൂറോളജി കൺസൾട്ടന്റ്, വിപിഎസ് ലേക്ഷോർ), മരുമകൾ: റിയ.