നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണ ആവശ്യം ഡിവിഷന് ബെഞ്ചും തള്ളി
Tuesday, March 4, 2025 12:21 AM IST
കൊച്ചി: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന ഭാര്യ മഞ്ജുഷയുടെ ആവശ്യം ഹൈക്കോടതി ഡിവിഷന് ബെഞ്ചും തള്ളി.
കൊന്നു കെട്ടിത്തൂക്കിയതാണെന്നും അന്വേഷണസംഘം ഭരണസ്വാധീനത്തിന് കീഴ്പ്പെടുമെന്നുമുള്ള വ്യക്തിപരമായ സംശയത്തിന്റെയോ ആശങ്കയുടെയോ അടിസ്ഥാനത്തില്‍ കേസ് സിബിഐക്കു കൈമാറാനാവില്ലെന്നു വിലയിരുത്തിയാണു ജസ്റ്റീസ് പി.ബി. സുരേഷ് കുമാര്‍, ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് അപ്പീല്‍ തള്ളിയത്.
ഭരണകക്ഷി നേതാവായ പ്രതി പി.പി. ദിവ്യയെ സംരക്ഷിക്കാന്‍ പോലീസില്‍ സമ്മര്‍ദമുണ്ടാകുമെന്നും സിബിഐ അന്വേഷിച്ചാലേ സത്യം പുറത്തുവരൂവെന്നുമായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. മതിയായ തെളിവുകളില്ലെന്നു വ്യക്തമാക്കി, സിബിഐ അന്വേഷണ ആവശ്യം നേരത്തേ സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരേയാണു ഹര്‍ജിക്കാരി ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
സംസ്ഥാന പോലീസിനെതിരേ ചില ആരോപണങ്ങള്‍ ഉന്നയിച്ചുവെന്നതുകൊണ്ടു മാത്രം കേസ് സിബിഐക്കു വിടാനാകില്ലെന്നും വേറിട്ട സാഹചര്യങ്ങളില്‍ അനിവാര്യവും ഉചിതവുമെന്നു തോന്നുന്നപക്ഷം ഏറെ മുന്‍കരുതലോടെ മാത്രമേ ഇത്തരം ഉത്തരവിടാനാകൂവെന്നും കേസ് ഡയറി വിളിച്ചുവരുത്തി പരിശോധിച്ച ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
കേസന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥര്‍ അതിനു പ്രാപ്തരല്ലെന്ന ആരോപണം ഹര്‍ജിക്കാരി ഉന്നയിച്ചിട്ടില്ല. പ്രതി അംഗമായ രാഷ്ട്രീയ കക്ഷി സ്വാധീനിക്കുമെന്ന ആശങ്കയും നവീന്‍ ബാബുവിനെ കൊന്നു കെട്ടിത്തൂക്കിയതാണെന്ന സംശയവുമാണ് ഉന്നയിക്കുന്നത്.
മരണം ആദ്യം കണ്ട ഡ്രൈവര്‍ പോലീസില്‍ അറിയിക്കാന്‍ വൈകി, പോലീസ് നടപടിക്കു വൈകി, എഫ്ഐആറില്‍ത്തന്നെ ആത്മഹത്യയെന്നാണ് പോലീസ് നിരീക്ഷണം, ഉന്നത ഉദ്യോഗസ്ഥനു പകരം ഇന്‍ക്വസ്റ്റ് നടത്തിയത് സിഐ, ബന്ധുക്കളെ അറിയിക്കാതെ ഇന്‍ക്വസ്റ്റ്, ബന്ധുക്കള്‍ എത്തും മുമ്പേ പോസ്റ്റ്മോര്‍ട്ടം, മൃതദേഹത്തിന്റെ പാദം നിലത്തുതൊട്ട നിലയിലായിരുന്നു തുടങ്ങിയവയായിരുന്നു ഉന്നയിച്ച ആരോപണങ്ങള്‍.
ഇതൊന്നും അന്വേഷണം പക്ഷപാതപരമാണെന്നു കരുതാന്‍ കാരണങ്ങളല്ലെന്നു കോടതി ചൂണ്ടിക്കാട്ടി.