ഡോ. ജോർജ് പി. ഏബ്രഹാം: വൃക്കചികിത്സാരംഗത്തെ അതികായൻ
Tuesday, March 4, 2025 12:21 AM IST
കൊച്ചി: തന്റെ മുന്നിലെത്തുന്ന രോഗികൾക്കു വിദഗ്ധ ചികിത്സയ്ക്കൊപ്പം അതുല്യമായ കരുതലും കരുണയും സ്നേഹവും പ്രകടമാക്കിയിരുന്ന കേരളത്തിലെ പ്രമുഖ യൂറോളജിസ്റ്റിനെയാണ് ഡോ. ജോർജ് പി. ഏബ്രഹാമിന്റെ വിയോഗത്തിലൂടെ നഷ്ടമാകുന്നത്.
അനുദിനം നവീകരിച്ച ചികിത്സാ രീതികളാലും ഫലപ്രദമായ ശസ്ത്രക്രിയകളാലും സജീവമായിരുന്നു ഡോ. ജോർജിന്റെ നാലര പതിറ്റാണ്ടു നീണ്ട മെഡിക്കൽ ജീവിതമെന്നു സഹപ്രവർത്തകർ പറയുന്നു.
ശസ്ത്രക്രിയകളെ വളരെയധികം ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ആ മേഖലയിൽ സ്വയം അർപ്പണം തന്നെ നടത്തിയിരുന്നു. അതുകൊണ്ടാവണം 3600ലധികം വൃക്ക മാറ്റ ശസ്ത്രക്രിയകൾക്കു മേൽനോട്ടം വഹിക്കാൻ അദ്ദേഹത്തിനായത്.
ഓരോ രോഗിക്കും അദ്ദേഹം നൽകിയിരുന്ന ആശ്വാസവാക്കുകൾ ചികിത്സപോലെതന്നെ പ്രധാനമായിരുന്നു. യൂറോളജി, വൃക്കമാറ്റ ശസ്ത്രക്രിയാ രംഗത്ത് അദ്ദേഹം അനന്യമായ സംഭാവനകൾ നൽകി.
ലാപ്രോസ്കോപിക് വൃക്ക മാറ്റ ശസ്ത്രക്രിയ നടത്തിയ ലോകത്തെ മൂന്നാമത്തെ ശസ്ത്രക്രിയാ വിദഗ്ധനാണ് ഡോ. ജോർജ്. കേരളത്തിൽ ആദ്യമായി കഡാവർ വൃക്ക മാറ്റ ശസ്ത്രക്രിയ, പർക്യൂട്ടനിയസ് നെഫ്രോളിതോടോമി, ലാപ്രോസ്കോപിക് ഡോണർ നെഫ്രെക്ടോമി, 3 ഡി ലാപ്രോസ്കോപ്പി എന്നിവ നടത്തിയത് അദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. 25,000ലധികം എൻഡോയൂറോളജിക്കൽ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി.
അക്കാദമിക രംഗത്തും അദ്ദേഹം സജീവമായിരുന്നു. മൂന്നു വർഷം നാഷണൽ ബോർഡ് അഫിലിയേറ്റ് ചെയ്ത പിജി അധ്യാപകനായി സേവനമനുഷ്ഠിച്ചു. അറിവ് പങ്കിടുന്നതിനുള്ള ആത്മാർഥതയും നവീനതയോടുള്ള പ്രതിബദ്ധതയും വ്യക്തമാക്കി ഇന്ത്യയിൽ ആദ്യമായി 3ഡി ലാപ്രോസ്കോപിക് യൂറോളജി ശില്പശാല സംഘടിപ്പിച്ചത് ഡോ. ജോർജിന്റെ നേതൃത്വത്തിലായിരുന്നു.
ചികിത്സയിലെ വൈദഗ്ധ്യവും ആരോഗ്യ മേഖലയിലെ സംഭാവനകളും കണക്കിലെടുത്തു ഭാരത് ചികിത്സക് രത്ന അവാർഡ്, ഭാരത് വികാസ് രത്ന അവാർഡ്, ലൈഫ്ടൈം ഹെൽത്ത് അച്ചീവ്മെന്റ് അവാർഡ് എന്നിവ ഉൾപ്പെടെ നിരവധി ബഹുമതികൾ അദ്ദേഹത്തെ തേടിയെത്തി.
ഡോ. ജോർജ് പി. ഏബ്രഹാമിന്റെ വിയോഗം ദശലക്ഷക്കണക്കിനു മൂത്രാശയ - വൃക്ക രോഗികൾക്ക് തീരാനഷ്ടമാണെന്നു വിപിഎസ് ലേക്ഷോർ ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ്.കെ. അബ്ദുള്ള പറഞ്ഞു. ലേക്ഷോറിലെത്തും മുന്‍പ് എറണാകുളം പിവിഎസ് ആശുപത്രിയിലും ഡോ. ജോർജ് സേവനം ചെയ്തിട്ടുണ്ട്.
ആ വൃക്ക ഇന്നും തുടിക്കുന്നു...
ഞെട്ടലോടും അതിലേറെ സങ്കടത്തോടെയുമാണ് ഡോ. ജോർജ് പി. ഏബ്രഹാമിന്റെ മരണ വാര്‍ത്ത കേട്ടത്! എത്രയോ പേര് വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് ദിവസങ്ങളെണ്ണി കാത്തിരിക്കുമ്പോഴാണ്, വിയോഗം! മറുപുറത്തുനിന്ന് പലര്‍ക്കും പലതും പറയാനുണ്ടാകും.
ഇപ്രകാരമൊരു വിയോഗത്തെ ദയവില്ലാതെ വിശകലനം ചെയ്യുന്നവരുമുണ്ടാകും. എന്നാല്‍, 22 വര്‍ഷങ്ങള്‍ക്കു മുമ്പൊരു പകല്‍ മരണവാതിലുകള്ക്ക് കീഴെ നടന്നിരുന്നൊരാള്ക്ക്, ഒരു വൃക്ക കൈക്കുഞ്ഞിനെ എന്നോണം കൈവെള്ളയിലെടുത്ത് ഉള്ളില്‍ വച്ചുതന്ന ഒരാളെ എങ്ങനെ മറക്കാനാകും? നന്ദിയോടെ ഒരു സ്മരണാഞ്ജലിയെങ്കിലും കുറിക്കാതെ എങ്ങനെ, പ്രത്യേകിച്ച് അന്ന് എന്റെ ഉള്ളില്‍ വച്ചു തന്ന ആ വൃക്ക ഇപ്പോഴും തുടിക്കുമ്പോള്‍..!
- അഭിലാഷ് ഫ്രേസർ
(22 വർഷം മുന്‍പ് ഡോ. ജോർജ് പി. ഏബ്രഹാമാണു ലേഖകന്റെ വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്.)