ഗതാഗതം മുടക്കി പ്രതിഷേധം ; സര്‍ക്കാരിന് ഇരട്ടത്താപ്പോ?: ഹൈക്കോടതി
Tuesday, March 4, 2025 3:19 AM IST
കൊച്ചി: ഗതാഗതം തടസപ്പെടുത്തി നടത്തുന്ന പ്രതിഷേധങ്ങളോടും സമ്മേളനങ്ങളോടും സര്‍ക്കാരിന് ഇരട്ട സമീപനമാണോയെന്ന് ഹൈക്കോടതി. സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ കെട്ടിയ പന്തല്‍ പോലീസ് പൊളിച്ചുനീക്കി.
എന്നാല്‍, കണ്ണൂരില്‍ വഴി തടഞ്ഞ് പന്തല്‍ കെട്ടി സിപിഎം നടത്തിയ പ്രതിഷേധത്തില്‍ നടപടിയെടുത്തില്ല. ഇതെന്തുകൊണ്ടാണെന്ന് ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് എസ്. മുരളി കൃഷ്ണന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ചോദിച്ചു.
വഞ്ചിയൂരിലടക്കം റോഡ് തടസപ്പെടുത്തി യോഗങ്ങള്‍ നടത്തിയത് സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവേയാണ് വാക്കാല്‍ പരാമര്‍ശം നടത്തിയത്. വഞ്ചിയൂരടക്കമുള്ള സംഭവങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ ചാര്‍ട്ട് ഒരാഴ്ചയ്ക്കകം ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചു.
ഇത്തരം സംഭവങ്ങളിലെല്ലാം നടപടിയെടുത്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രതിഷേധക്കാര്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. എന്നാല്‍, വഞ്ചിയൂരിലേത് പാര്‍ട്ടി ഏരിയ സമ്മേളനമായിരുന്നെന്നും നാടകം നടത്താനാണ് റോഡ് അടച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. പന്തല്‍ നീക്കാന്‍ ശ്രമിച്ചപ്പോള്‍ പാര്‍ട്ടി ഭാരവാഹി തടഞ്ഞതായാണ് പോലീസ് നല്കിയ വിശദീകരണം.
റോഡ് തടഞ്ഞ് സമ്മേളനങ്ങള്‍ നിരോധിച്ച് ജനുവരിയില്‍ പുതിയ സര്‍ക്കുലര്‍ ഇറക്കിയതായി ചീഫ് സെക്രട്ടറി ശാരദ മുരളീധരന് അധിക സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.
വഞ്ചിയൂരില്‍ കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരേയും കൊച്ചിയിലെ കോണ്‍ഗ്രസ് ധര്‍ണയില്‍ 149 പേര്‍ക്കെതിരേയും ജോയിന്റ് കൗണ്‍സില്‍ ഉപരോധത്തില്‍ 10 പേര്‍ക്കെതിരേയും കേസെടുത്തെന്നും വ്യക്തമാക്കി.
ബാലരാമപുരത്തെ പരിപാടിയില്‍ ഗതാഗത തടസമുണ്ടായില്ലെന്നും അറിയിച്ചു. ഈ വിശദീകരണത്തില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
സിപിഎം നേതാക്കള്‍ക്കെതിരേ ഹര്‍ജി
കൊച്ചി: കണ്ണൂരില്‍ ഗതാഗതം തടസപ്പെടുത്തി സമരം നടത്തിയ സിപിഎം നേതാക്കള്‍ക്കെതിരേ കോടതിയലക്ഷ്യ ഹര്‍ജി.
കേന്ദ്ര അവഗണനയില്‍ പ്രതിഷേധിച്ച് ഫെബ്രുവരി 25ന് കണ്ണൂര്‍ ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ നടത്തിയ പ്രതിഷേധത്തിന് നേതൃത്വം നല്കിയ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, നേതാക്കളായ ഇ.പി. ജയരാജന്, പി. ജയരാജന്, കെ.വി. സുമേഷ് എംഎല്‍എ, ചീഫ് സെക്രട്ടറി, ഡിജിപി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി മരട് സ്വദേശി എന്‍. പ്രകാശാണ് ഹര്‍ജി നല്‍കിയത്.