മുഖ്യമന്ത്രിക്ക് ഇഷ്ടമില്ലാത്ത മിസ്റ്റർ ചീഫ് മിനിസ്റ്റർ
Tuesday, March 4, 2025 12:21 AM IST
സാബു ജോണ്
തിരുവനന്തപുരം: ഇംഗ്ലീഷ് ഇഷ്ടപ്പെടുന്നവർ മുഖ്യമന്ത്രിയെ ചീഫ് മിനിസ്റ്റർ എന്നു വിളിക്കും. ആ വിളിയിൽ വലിയ കുഴപ്പമൊന്നും ആരും കാണാറില്ല. എന്നാൽ മുഖ്യമന്ത്രിയിൽ കുറ്റം ചാർത്തി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവർത്തിച്ച് മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു പറഞ്ഞുകൊണ്ടിരുന്നപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് എന്തോ ഒരു ശേലുകേടു തോന്നി. മുഖ്യമന്ത്രി അതിന്റെ രോഷം പ്രകടിപ്പിക്കുകയും ചെയ്തു.
മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു പറയുന്നത് അത്ര മോശമാണോ എന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു. പാർലമെന്റിലൊക്കെ മിസ്റ്റർ പ്രൈം മിനിസ്റ്റർ എന്നു വിളിക്കുന്നത് രമേശ് ചെന്നിത്തല കേട്ടിട്ടുമുണ്ട്. ഏതായാലും ഈ വിശദീകരണമൊന്നും കേട്ടിട്ടും മുഖ്യമന്ത്രി തൃപ്തനായതായി തോന്നിയില്ല.
ഭരണപക്ഷത്തെ കെ.ടി. ജലീൽ പ്രസംഗത്തിനൊടുവിൽ പ്രതിപക്ഷ നേതാവിനെ മിസ്റ്റർ ഒപ്പോസിഷൻ ലീഡർ എന്നു വിളിച്ച് തിരിച്ചടി നൽകിയെങ്കിലും ആ വിളി സതീശനു പെരുത്തിഷ്ടപ്പെട്ടു. പിന്നാലെ പ്രസംഗിച്ച സതീശൻ ഇംഗ്ലീഷിൽ തന്നെ മറുപടി നൽകി: ഐ ആം വെരി മച്ച് ഓണേർഡ്.
ഈ സർക്കാരിന്റെ കാലത്ത് ലഹരിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അവതരിപ്പിക്കുന്ന മൂന്നാമത്തെ അടിയന്തരപ്രമേയമാണിത്. രണ്ടു തവണ സഭ നിർത്തിവച്ചു ചർച്ച അനുവദിച്ചു. ആദ്യ തവണ പ്രതിപക്ഷം സർക്കാരിനു പരിപൂർണ പിന്തുണ നൽകി. രണ്ടാം തവണ ആയപ്പോഴേക്കും അൽപം കടുപ്പിച്ചു. ഇന്നലെ സർക്കാരിനെ കുറ്റപ്പെടുത്തി തന്നെയായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രസംഗം.
ഒന്നാമത്തെ ഉത്തരവാദി സർക്കാർ എന്നു പറഞ്ഞ് മദ്യവ്യാപനവും ടി.പി. കേസ് പ്രതികൾക്കു പരോൾ അനുവദിച്ചതും പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയെ മന്ത്രി മാലയണിയിച്ച് പാർട്ടിയിലേക്കു സ്വീകരിച്ചതുമൊക്കെ പറഞ്ഞപ്പോൾ മറുവശത്തു പ്രതിഷേധം ഉയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻതന്നെ രംഗത്തു വന്നു.
വിഷയം വഴിമാറിപ്പോകുന്നതിൽ സ്പീക്കറും അസ്വസ്ഥനായി. തങ്ങൾ കുറ്റപ്പെടുത്തുകതന്നെ ചെയ്യുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞതോടെ അടിയന്തരപ്രമേയ ചർച്ചയുടെ പോക്ക് എങ്ങോട്ടേക്ക് എന്നു സംശയിച്ചു.
പിന്നാലെ പ്രസംഗിച്ച ഭരണപക്ഷക്കാർ ചെന്നിത്തലയെ പഴിച്ചും കോണ്ഗ്രസുകാരുടെ പഴയകാല ചരിത്രം ഓർമിപ്പിച്ചും തിരിച്ചടിച്ചുകൊണ്ടിരുന്നു. കോവിഡ് കാലത്ത് നടത്തിയതു പോലെ ഒരു വലിയ ജനകീയമുന്നേറ്റം നടത്താൻ മുഖ്യമന്ത്രി പിണറായി വിജയനു പ്രാപ്തിയുണ്ടെന്ന കാര്യത്തിൽ ഭരണപക്ഷക്കാർക്കു സംശയമേയില്ലായിരുന്നു.
സമരം ചെയ്തവരെ ചെടിച്ചട്ടികൊണ്ടു തലയ്ക്കടിച്ചതിനെ രക്ഷാപ്രവർത്തനം എന്നു വിളിച്ച മുഖ്യമന്ത്രി നാടു ഭരിക്കുന്പോൾ കുട്ടികൾ നഞ്ചക്കുമായി സ്കൂളിൽ വരുന്നതിൽ എന്താണ് അദ്ഭുതം എന്നായിരുന്നു റോജി എം. ജോണിന്റെ ചോദ്യം. മുഖ്യമന്ത്രി വിചാരിച്ചാൽ ഒറ്റദിവസം കൊണ്ട് പ്രശ്നം പരിഹരിക്കാമെന്നായിരുന്നു ഡോ.എം.കെ. മുനീറിന്റെ അഭിപ്രായം.
രമേശ് ചെന്നിത്തലയുടെ നോമിനിയായ യൂത്ത് കോണ്ഗ്രസ് ജനറൽ സെക്രട്ടറിയെ 40 കിലോ കഞ്ചാവുമായി പിടികൂടിയെന്നു ലിന്റോ ജോസഫ് പറഞ്ഞപ്പോൾ യൂത്ത് കോണ്ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ ക്രമപ്രശ്നത്തിലൂടെ ആരോപണം നിഷേധിച്ചു.
ഹരിയാനയിൽ യൂത്ത് കോണ്ഗ്രസ് നേതാവായ യുവതിയെ കൊന്നു നുറുക്കി സ്യൂട്ട് കേസിലാക്കിയത് കോണ്ഗ്രസുകാരാണെന്നു യുവതിയുടെ അമ്മ പറഞ്ഞതായി കെ. ശാന്തകുമാരി പറഞ്ഞു.
ടി.പി വധക്കേസിലെ പ്രതികൾക്ക് ആദ്യം പരോൾ അനുവദിച്ചത് രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോൾ ആയിരുന്നു എന്ന് കെ.ടി. ജലീൽ ചൂണ്ടിക്കാട്ടിയപ്പോൾ രമേശ് നിഷേധഭാവത്തിൽ തലയാട്ടുന്നതു കാണാമായിരുന്നു.
പരോൾ അനുവദിക്കുന്നതിൽ ഇപ്പോഴത്തെ ആഭ്യന്തരമന്ത്രിയായ മുഖ്യമന്ത്രിക്ക് ഒരു പങ്കുമില്ലെന്നു സ്ഥാപിക്കാനായിരുന്നു ജലീലിന്റെ ശ്രമം. ലഹരിയുടെ ഭീഷണി ചെറുക്കാൻ സർക്കാരിന് ഒരു പദ്ധതിയുമില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുറ്റപ്പെടുത്തി.
ദീർഘമായ മറുപടി പറഞ്ഞെങ്കിലും മുഖ്യമന്ത്രി ആരെയും പ്രകോപിപ്പിക്കാൻ ശ്രമിച്ചില്ല. ലഹരി നിയന്ത്രണവും മറ്റു നടപടികളും ഭംഗിയായി നടക്കുന്നു എന്നു സ്ഥാപിക്കാനായിരുന്നു മുഖ്യമന്ത്രി ശ്രമിച്ചത്.
സർവകലാശാല ദേദഗതി ബില്ലും സ്വകാര്യ സർവകലാശാല ബില്ലും സഭയിൽ എത്തേണ്ടിയിരുന്നു. കൂടാതെ ധനവിനിയോഗബിൽ അവതരിപ്പിച്ചു പാസാക്കേണ്ടതുമുണ്ടായിരുന്നു. ഇതിനിടെ അടിയന്തരപ്രമേയം ചർച്ചയ്ക്കെടുക്കേണ്ടി വന്നപ്പോൾ അതിനും സമയം നീക്കിവയ്ക്കേണ്ടി വന്നു.
റംസാൻ ആയതിനാൽ എല്ലാവരും സഹകരിക്കണമെന്നു തുടക്കത്തിൽ സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷവുമായി സമവായത്തിലെത്തിയിരുന്നില്ല. അതുകൊണ്ടുതന്നെ നടപടികൾ നീണ്ടുപോയി. ആറേമുക്കാലോടെയാണു സഭ പിരിഞ്ഞത്.