കൊലവിളിയുമായി കൗമാര കേരളം
സ്വന്തം ലേഖകൻ
Monday, March 3, 2025 5:36 AM IST
കോഴിക്കോട്: കേരളത്തിലെ കൗമാരത്തിന്റെ പോക്ക് എങ്ങോട്ടാണ്? ഇതുസംബന്ധിച്ച വ്യക്തമായ ദിശാസൂചനകള്‍ എക്സൈസ് വകുപ്പ് 2023ല്‍ പുറത്തുവിട്ട സര്‍വേ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. മരണവ്യാപാരികളായ ലഹരി എജന്റുമാര്‍ കുരുന്നുകളെ റാഞ്ചാന്‍ പ്രാപ്പിടിയന്മാരെപ്പോലെ നമുക്കു ചുറ്റും പാറിനടക്കുന്നുവെന്ന് എക്സൈസ് പഠന റിപ്പോര്‍ട്ടിലെ സൂചനകളില്നിന്നു വ്യക്തമായിരുന്നുവെങ്കിലും ആരും വേണ്ടത്ര ഗൗനിച്ചില്ല.
നൊന്തുപെറ്റ അമ്മയെ വരെ അരിഞ്ഞുതള്ളുന്ന മാനസികനിലയിലേക്കു യുവതലമുറ നീങ്ങിക്കഴിഞ്ഞു. മക്കളെ ചെറിയതായി ഒന്നു ശാസിക്കാന്‍ പോലുമാവാത്ത വിധത്തില്‍ കുടുംബങ്ങളില്‍ ലഹരിയുടെ പുകച്ചുരുളുകള്‍ അസ്വസ്ഥത സൃഷ്ടിക്കുകയാണ്. എവിടെയോ നടന്ന ഞെട്ടിക്കുന്ന അരുംകൊലകളുടെ വാര്‍ത്തകള്‍ വായിച്ച് അത് അന്യനാടുകളിലല്ലേ എന്ന് ആശ്വസിച്ചിരുന്ന കുടുംബങ്ങളുടെ അകത്തളങ്ങളിലിരുന്നു ലഹരിയില്‍ ബോധംമറഞ്ഞ കൗമാരക്കാരാണു കലി തുള്ളുന്നത്.
സംവാദം, ലഘുലേഖ വിതരണം, സെമിനാറുകള്‍, പോസ്റ്റര്‍ പ്രചാരണം, ബോധവത്കരണം തുടങ്ങിയ പതിവു ചടങ്ങുകള്കൊണ്ടു പരിഹരിക്കാവുന്ന വിഷയമാണിതെന്ന ധാരണയാണ് ആദ്യം മാറേണ്ടത്. ഇതര സംസ്ഥാനങ്ങളില്‍ പ്രത്യേകിച്ച് ബംഗളൂരു കേന്ദ്രീകരിച്ചു വന്‍തോതില്‍ നിര്‍മിക്കുന്ന എംഡിഎംഎ അടക്കമുള്ള രാസലഹരികള്‍ കടത്താനും ഉപയോഗിക്കാനും യുവതലമുറ മത്സരിക്കുകയാണ്. ജീവിതം അടിച്ചുപൊളിക്കാനായി പെണ്‍കുട്ടികളും ലഹരി ഇടപാടുമായി രംഗത്തിറങ്ങുന്ന ഗുരുതരമായ സ്ഥിതിവിശേഷം. ഇനിയെങ്കിലും സര്ക്കാര്സംവിധാനങ്ങള് മയക്കംവിട്ടുണരേണ്ടതിന്റെയും പുതിയ പഠനത്തിന്റെയും കര്‍ശന നടപടികളുടെയും ആവശ്യകതയാണ് 2023ലെ പഠന റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നത്.
97 ശതമാനവും ലഹരി നുണഞ്ഞവര്‍
മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ടവരും വിമുക്തിയുടെ ഡി അഡിക്ഷന് കേന്ദ്രങ്ങളിലും കൗണ്‍സലിംഗ് കേന്ദ്രങ്ങളിലും ചികിത്സയ്ക്കായി എത്തിയവരുമായ 19 വയസില്‍ താഴെയുള്ള 600 ആളുകളിലായിരുന്നു 2023ല്‍ എക്സൈസ് വകുപ്പിന്റെ സര്‍വേ. ഇതില്‍ 155 പേര് കുറ്റാരോപിതരായിരുന്നു. 376 പേര് വിമുക്തി ജില്ലാ ഡി അഡിക്ഷന് കേന്ദ്രങ്ങളിലും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, കൗണ്‍സലിംഗ് സെന്ററുകളിലും ചികിത്സയ്ക്ക് എത്തിയവര്‍.
69 പേര് ഇരു വിഭാഗങ്ങളിലും ഉള്‍പ്പെടുന്നു. കുറ്റകൃത്യത്തിനു പിടിയിലായവരില്‍നിന്ന് എക്സൈസ് ഉദ്യോഗസ്ഥരും ചികിത്സയ്ക്ക് എത്തിയവരില്‍നിന്നു മനഃശാസ്ത്ര വിദഗ്ധരുമാണു വിവരം ശേഖരിച്ചത്.
സര്‍വേയിലെ 97 ശതമാനം കൗമാരക്കാരും ഏതെങ്കിലും ലഹരി ഉപയോഗിച്ചവരാണെന്നായിരുന്നു പ്രധാന കണ്ടെത്തല്‍. കൂടുതല്‍ ആളുകള്‍ ഉപയോഗിച്ചത് കഞ്ചാവാണ്.
ലഹരി ഉപയോഗം മൂടിവയ്ക്കുന്ന സ്കൂളുകൾ
കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയില്‍പെട്ടാല്‍ പോലീസിനെയോ എക്സൈസിനെയോ വിവരം അറിയിക്കണമെന്നാണു സ്കൂള്‍ അധികൃതര്‍ക്കുള്ള നിര്‍ദേശം. എന്നാല്‍ 2022-23 അക്കഡേമിക് വര്‍ഷത്തില്‍ 325 കേസുകള്‍ വിവിധ സ്കൂളുകളില്‍ അധ്യാപകരുടെ ശ്രദ്ധയില്‍പെട്ടെങ്കിലും 183 കേസുകള്‍ മാത്രമാണ് എന്‍ഫോഴ്സ്മെന്റ് അധികൃതരുടെ ശ്രദ്ധയില്പെടുത്തിയതെന്നു വിദ്യാഭ്യാസ വകുപ്പിന്റെ രേഖകളില്‍ പറയുന്നു.
വിവിധ ജില്ലകളിലെ 382 വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു സമീപത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വിദ്യാലയങ്ങളെ പ്രത്യേകമായി നീരിക്ഷിച്ച് നോ ടു ഡ്രഗ്സ് കാമ്പയിനിന്റെ സ്പെഷല്‍ ഡ്രൈവ് ആസൂത്രണം ചെയ്യണമെന്നും വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിരുന്നു. പക്ഷെ ലഹരി ഉപയോഗം തടഞ്ഞാൽ കൊല്ലുമെന്നാണ് വിദ്യാര്‍ഥികളുടെ ഭീഷണിയെങ്കില്‍ എന്തുചെയ്യുമെന്നാണ് അധ്യാപകരുടെ മറുചോദ്യം.
പ്രധാന കണ്ടെത്തലുകള്‍
1: സര്‍വേയില്‍ പങ്കെടുത്ത വ്യക്തികളില്‍ 97 ശതമാനം പേര് ഒരു തവണയെങ്കിലും ലഹരിവസ്തുക്കള്‍ ഉപയോഗിച്ചവര്‍.
2: 82 ശതമാനം പേരും ഉപയോഗിച്ചത് പ്രധാനമായും കഞ്ചാവാണ്.
3: ലഹരി എന്താണെന്ന് അറിയാനാണു ഭൂരിപക്ഷം പേരും ലഹരി ഉപയോഗിച്ചു തുടങ്ങിയത് (78 ശതമാനം പേര്).
4: 79 ശതമാനം ആളുകള്‍ക്കും ആദ്യമായി ലഹരി പദാര്‍ഥം ലഭിച്ചത് സുഹൃത്തുക്കളിൽനിന്ന്.
5: കുടുംബാംഗങ്ങളില്‍നിന്ന് ലഹരി ആദ്യമായി ലഭിച്ചവര്‍ അഞ്ചു ശതമാനം. സര്‍വേയുടെ ഭാഗമായവരില്‍ 38.16 ശതമാനം ആളുകള്‍ ലഹരിവസ്തുക്കള്‍ കൂട്ടുകാര്‍ക്കു കൈമാറിയിട്ടുണ്ട്.
6: 70 ശതമാനം ആളുകളുടെ ആദ്യ ലഹരി ഉപയോഗം 10-15 വയസിനിടെ.
7: 46 ശതമാനം പേരും ലഹരിപദാര്‍ഥങ്ങള്‍ ദിവസം ഒന്നില്‍ കൂടുതല്‍ തവണ ഉപയോഗിക്കുന്നു.
8: മഹാഭൂരിപക്ഷവും (80 ശതമാനം) കൂട്ടുകാർക്കൊപ്പമാണ് ലഹരി ഉപയോഗിക്കുന്നത്
9: 94.16 ശതമാനം കൗമാരക്കാര്‍ ആദ്യം തുടങ്ങിയത് പുകവലി.
10: 77.16 ശതമാനം പേര് പുകയില വസ്തുക്കള്‍ ഉപയോഗിക്കുന്നു.
11: ലഹരി ഉപയോഗിക്കുന്നവരില്‍ 61.5 ശതമാനത്തിനും വായ് വരണ്ടുപോകുന്ന രോഗാവസ്ഥയുണ്ട്. ക്ഷീണം 52 ശതമാനത്തിന്. ഉറക്കം സംബന്ധിക്കുന്ന പ്രശ്നമുള്ളവര്‍ 38.6 ശതമാനം. അക്രമ സ്വഭാവമുള്ളവര്‍ (37 ശതമാനം), ഡിപ്രഷന് (8.8 ശതമാനം), ഓര്മ പ്രശ്നം (8.6 ശതമാനം).
12. കുറ്റാരോപിതരില്‍ 38.16 ശതമാനം പേര് ലഹരി ഉപയോഗത്തിന് സുഹൃത്തുക്കളെ പ്രലോഭിപ്പിച്ചിട്ടുളളവരാണ്.