എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം
Monday, March 3, 2025 5:36 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം.എസ്എസ്എൽസി, ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷകൾ ഇന്ന് ആരംഭിച്ച് മാർച്ച് 26ന് അവസാനിക്കുന്നു.
സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒൻപത് കേന്ദ്രങ്ങളിലും, ഗൾഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാർഥികൾ റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതുന്നുണ്ട്.
ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പികെഎംഎംഎച്ച്എസ്എസ് എടരിക്കോടാണ്. 2,017 വിദ്യാർഥികളാണ് ഇവിടെ പരീക്ഷയ്ക്കിരിക്കുന്നത്. തിരുവനന്തപുരം ഗവ. സംസ്കൃതം എച്ച്എസ് ഫോർട്ടിൽ ഒരു കുട്ടി മാത്രമാണ് പരീക്ഷ എഴുതാനുള്ളത്. രണ്ടാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ ഇന്ന് തുടങ്ങി 26ന് അവസാനിക്കും. 444693 വിദ്യാർഥികളാണ് പരീക്ഷയെഴുതുക.
ഉച്ചയ്ക്കു ശേഷമാണ് രണ്ടാം വർഷ ഹയർസെക്കൻൻഡറി പരീക്ഷകൾ ക്രമീകരിച്ചിട്ടുള്ളത്. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷകൾ ആറിന് ആരംഭിച്ച് 29ന് അവസാനിക്കും.