ലഹരിക്കെതിരേ യുദ്ധത്തിനു സമയമായി: ശശി തരൂർ
സി.കെ. കുര്യാച്ചൻ
Monday, March 3, 2025 5:45 AM IST
കോട്ടയം: ലഹരിക്കെതിരേ കേരളത്തിൽ യുദ്ധത്തിനു സമയമായെന്ന് ശശി തരൂർ എംപി. കേരളത്തിൽ എവിടെയും എപ്പോഴും ലഹരിവസ്തുക്കൾ ലഭ്യമാകുന്ന അവസ്ഥ സംജാതമായിരിക്കുന്നു. സ്കൂളുകളിൽപോലും ലഹരിവസ്തുക്കൾ യഥേഷ്ടം കിട്ടുന്ന സാഹരച്യമുണ്ട്. ഇതു തടുക്കാൻ മൂന്നുതലത്തിലുള്ള ആക്രമണം നടത്തണമെന്ന് അദ്ദേഹം ദീപികയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ ചൂണ്ടിക്കാട്ടി.
ഒന്നാമതായി സംസ്ഥാനത്തേക്ക് ലഹരി എത്തുന്നില്ലെന്ന് ഉറപ്പാക്കണം. എവിടെനിന്നാണു വരുന്നതെന്നു കണ്ടെത്തി തടയണം.
രണ്ടാമതായി വില്പനക്കാരെ പിടികൂടി ശിക്ഷിക്കണം. ഇപ്പോൾ ലഹരി ഉപയോഗിക്കുന്നവരെയാണ് കൂടുതലായി പിടിക്കുന്നത്. അവരിലേക്ക് ലഹരി വസ്തുക്കൾ എത്തിക്കുന്നവർ രക്ഷപ്പെട്ടു നിൽക്കുകയാണ്. പിടിക്കപ്പെടുന്ന പലരും തെളിവില്ലെന്ന കാരണത്താൽ ശിക്ഷിക്കപ്പെടുന്നില്ല.
മൂന്നാമതായി ലഹരിക്കടിപ്പെട്ട കുട്ടികളെടയക്കം അതിൽനിന്നു രക്ഷിക്കാൻ ചികിത്സയ്ക്കു വിധേയരാക്കണം. അവരെ കുറ്റക്കാരായി കാണരുത്. അതിനൊപ്പം ദീപിക നടത്തുന്നതുപോലുള്ള ബോധവത്കരണ കാമ്പയിൻ നടത്തണം. കുറേ വർഷങ്ങളായി ക്രൈസ്തവ സഭകൾ ഇക്കാര്യം ഏറ്റെടുത്ത് ബോധവത്കരണം നടത്തുന്നുണ്ട്. മറ്റു മതങ്ങളും ഈ മാതൃക പിന്തുടരണം. എല്ലാവരും ഒന്നിച്ചു പോരാടണം. ഇതിൽ രാഷ്ട്രീയമില്ല. എല്ലാ പാർട്ടിക്കാരും പങ്കെടുക്കണം. ലഹരിയെ തടഞ്ഞില്ലെങ്കിൽ നമ്മുടെ സംസ്ഥാനത്തിനു ഭാവിയില്ല.
കേരളത്തിലെ ലഹരി വ്യാപനം തടയുന്നതു സംബന്ധിച്ച് താൻ പാർലമെന്റിൽ സംസാരിച്ചിരുന്നു. കേന്ദ്രത്തിന്റെ ഇടപെടലുകൾ തേടിയപ്പോൾ ലഭിച്ചത് വളരെ ദുർബലമായ മറുപടിയാണ്. പഞ്ചാബിലടക്കം ലഹരിവ്യാപനത്തിന്റെ ദുരന്തം നാം കണ്ടതാണ്. കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ കേരളത്തെ സഹായിക്കാനാകും. കേരള സർക്കാർ കേന്ദ്ര സഹായം ആവശ്യപ്പെടണം. ഇപ്പോഴെങ്കിലും നാം ഫലപ്രദമായി ഇടപെട്ടില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.
സംസ്ഥാനത്ത് അക്രമവാസന കൂടിവരുന്നുണ്ട്. വയലൻസ് സിനിമകൾ താൻ കാണാറില്ല. തനിക്കതിൽ താത്പര്യമില്ല. അക്രമത്തെ സാമാന്യവത്കരിക്കുന്ന സമീപനം സിനിമകളിൽ കൂടിവരുന്നുണ്ട്. പുകവലിക്കും മദ്യപാനത്തിനുമെതിരേ സ്ക്രീനിൽതന്നെ മുന്നറിയിപ്പു നൽകുന്നുണ്ട്. എന്നാൽ അതിനേക്കാൾ അപകടകരമായ വയലൻസിന് അത്തരമൊരു മുന്നറിയിപ്പു പോലുമില്ല. ഇതു ഗൗരവത്തിലെടുക്കേണ്ട വിഷയമാണ്.
സിനിമയിലെ വയലൻസ് കുട്ടികളെയടക്കം സ്വാധീനിക്കുമെന്നത് ഉറപ്പാണ്. അവർ അത് അനുകരിക്കാൻ ശ്രമിക്കും. അതിനാൽ വയലൻസ് കൂടുതലുള്ള സിനിമകൾ കുട്ടികൾ കാണുന്നത് നിരോധിക്കണം. കുടുംബസമേതം കാണാൻ കഴിയില്ലെന്ന അവസ്ഥ വന്നാൽ ഇത്തരം സിനിമകൾക്ക് കളക്ഷൻ കുറയും. നിർമാതാക്കൾതന്നെ അത്തരം സിനിമകളിൽനിന്നു പിന്തിരിയും.