ദൈവത്തിന്റെ ഭാഷ
ഡോ. ജി. കടൂപ്പാറയില്‍ എംസിബിഎസ്
Monday, March 3, 2025 5:36 AM IST
നിശബ്ദതയിലേക്കു തിരിയാനുള്ള കാലമാണ് നോമ്പ്. ബഹളങ്ങളുടെയും തിരക്കുകളുടെയും ആധിക്യത്തിലാണ് മനുഷ്യരെല്ലാവരും. അടുത്തുനിന്നു പരസ്പരം സംസാരിച്ചാല്‍പോലും കേള്‍ക്കാന്‍ പറ്റാത്തത്ര സ്വരത്താല്‍ മുഖരിതമാണ് നമ്മള് ജീവിക്കുന്ന ഇടങ്ങളൊക്കെ. അത്തരം സ്ഥലങ്ങളില്‍നിന്നു മാറി ഒരല്പം നിശബ്ദമാകാന്‍ സാധിച്ചാല്‍ ജീവിതം കുറച്ചുകൂടി മെച്ചപ്പെടുമെന്നു തീര്‍ച്ച.
ഗുരു പറഞ്ഞത്
ഒരു ഗുരുവിനോട് ഒരിക്കല്‍ ശിഷ്യന്മാര് ചോദിച്ചു: "ജ്ഞാനിയുടെ ലക്ഷണം എന്താണ് ഗുരോ?'
ഗുരു മറുപടി നല്കി: "നിശബ്ദതയാണ് ജ്ഞാനിയുടെ ലക്ഷണം. ആവശ്യമുള്ളപ്പോള്‍ മാത്രം ജ്ഞാനി സംസാരിക്കുന്നു. ബാക്കി സമയം നിശബ്ദതയില്‍ ചെലവഴിക്കുന്നു. നിശബ്ദതയില്‍ അദ്ദേഹം ദൈവത്തെ കണ്ടെത്തുന്നു; പ്രപഞ്ച രഹസ്യങ്ങള്‍ തേടുന്നു.'
എല്ലാ ജ്ഞാനികളും നിശബ്ദതയുടെ മനുഷ്യരായിരുന്നു. എല്ലാ മനുഷ്യര്‍ക്കും ജ്ഞാനികളായി മാറാനുള്ള അവസരമാണ് നോമ്പുകാലം ഒരുക്കുന്നത്.
നാല്പതു ദിവസം മരുഭൂമിയുടെ നിശബ്ദതയിലേക്കു പിന്മാറിയ യേശു നമ്മുടെ മുന്പിലെ മാതൃകയാണ്. പ്രവാചകന്മാരുടെയും മഹാന്മാരായ വിശുദ്ധരുടെയും ജീവിതത്തില്‍ അവര്‍ നിശബ്ദരായി നിലകൊണ്ട കാലത്തെക്കുറിച്ചുള്ള സൂചനയുണ്ട്. ആ നിശബ്ദതയിലാണ് അവര്‍ സ്വയം മനസിലാക്കിയത്. സ്വന്തം ബലവും ബലഹീനതയും അവര്‍ക്കു ബോധ്യമായതും നിശബ്ദതയുടെ നേരത്തായിരുന്നു. നിശബ്ദതയിലിരുന്ന് അവര്‍ കൂടുതല്‍ കരുത്താര്‍ജിച്ചു.
ദൈവവുമായുള്ള സംഭാഷണം നടക്കുന്നതും നിശബ്ദതയിലാണ്. നിശബ്ദതയിലാണെങ്കിലും ദൈവത്തോടു സംസാരിക്കാന്‍ ഒരു ഭാഷ വേണം. സ്പാനിഷ് മിസ്റ്റിക് കവിയും എഴുത്തുകാരനുമായ കുരിശിന്റെ വിശുദ്ധ യോഹന്നാന് പറയുന്നത്, ദൈവത്തിന്റെ ഭാഷ നിശബ്ദതയാണെന്നാണ്. മറ്റെല്ലാ ഭാഷകളും അതിന്റെ വിവര്‍ത്തനങ്ങള്‍ മാത്രം. ആത്മാവിന്റെ ഇരുണ്ട രാത്രിയും കര്‍മല മലകയറ്റവും ആത്മീയഗീതവും എഴുതാന്‍ അദ്ദേഹത്തിന് പശ്ചാത്തലമൊരുക്കിയത് നിശബ്ദതയായിരുന്നു. നിശബ്ദതയില്‍ അദ്ദേഹം ദൈവത്തെ ശ്രവിച്ചു. ദൈവത്തെ കേള്‍ക്കണമെങ്കില്‍ നമ്മളും നിശബ്ദരായേ മതിയാവൂ. ശാന്തമാകുക, ഞാന്‍ ദൈവമാണെന്നറിയുക എന്നാണ് സങ്കീര്‍ത്തകന്‍ (46:10) പറയുന്നത്.
നിശബ്ദമാകാനുള്ള കഴിവ്
സംസാരിക്കാനുള്ള കഴിവുപോലെ നിശബ്ദമാകാനുള്ള കഴിവുകൂടി മനുഷ്യര്‍ക്കുണ്ടായിരുന്നെങ്കില്‍ ഈ ലോകം കൂടുതല്‍ സുന്ദരമായേനെ. ലോകം സൃഷ്ടിച്ചപ്പോള്‍ത്തന്നെ സുന്ദരമാണ്. നമ്മുടെ വാക്കുകളാലും ശബ്ദത്താലും ലോകത്തെ കൂടുതല്‍ മലീമസമാക്കാതിരിക്കുന്നതാണ് നല്ലതെന്നു തോന്നുന്നു. നല്ലതൊന്നും പറയാനില്ലെന്നു ബോധ്യമാകുമ്പോള്‍ ഓരോ വ്യക്തിയും നിശബ്ദനാകുക. അതിനേക്കാൾ നല്ലതൊന്നും അയാളില്‍നിന്ന് ഈ ഭൂമിയില്‍ വരാനില്ല.
ഓരോ വ്യക്തിയും അയാളുടെ പരിസരവും വിശുദ്ധമായ മൗനത്തിലേക്കു പിന്തിരിയുമ്പോള് അവിടം സ്വര്ഗീയാനുഭൂതിയാല് നിറയും. കലഹത്തിന്റെയും കോലാഹലത്തിന്റെയുമിടയില് ആര്‍ക്കാണ് സ്വസ്ഥതയും സമാധാനവുമുണ്ടാവുക. ചില വേളകളില്‍ മൗനം പാലിച്ചിരുന്നെങ്കില്‍ ചിലരെ നമുക്ക് ജീവിതത്തില്‍ ഒരിക്കലും നഷ്ടപ്പെടില്ലായിരുന്നു. ബഹളം മൂലം നഷ്ടപ്പെടുത്തിയ സമാധാനവും നഷ്ടപ്പെട്ട സ്വസ്ഥതയും എത്രയധികമാണ്.
എങ്ങനെയാണ് നിങ്ങള്‍ക്കിത്രയും നന്മ ചെയ്യാന്‍ സാധിക്കുന്നതെന്ന് ഒരാള്‍ വിശുദ്ധ മദര്‍ തെരേസയോടു ചോദിച്ചു. "ഞാന്‍ ദൈവത്തിന്റെ മുന്പില് നിശബ്ദയായിരിക്കും. നിശബ്ദതയില്‍ ദൈവം എന്നോടു സംസാരിക്കും. അതിനനുസരിച്ചു ഞാന്‍ പ്രവർത്തനം ക്രമീകരിക്കും. ''
വിജയകരമായ ജീവിതമാണ് നാം ആഗ്രഹിക്കുന്നതെങ്കില്‍ കൃത്യമായ ഇടവേളകളില്‍ നിശബ്ദതയിലേക്കു പിന്മാറണം. നിശബ്ദതയിലേക്കു പ്രവേശിച്ച് ആത്മീയമായി കരുത്ത് നേടാനുള്ള കാലമാണ് നോമ്പുകാലം.