വന്യജീവി ആക്രമണം ആശങ്കാജനകം: തരൂർ
Monday, March 3, 2025 5:36 AM IST
കോട്ടയം: വന്യജീവി ആക്രണം സംസ്ഥാനത്ത് രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂർ എംപി. 1972ലെ വന്യജീവി സംരക്ഷണനിയമം അക്കാലത്ത് ഏറെ പ്രസക്തമായിരുന്നു. എന്നാലിപ്പോൾ 50 വർഷം പിന്നിട്ടു. ഈ നിയമത്തിൽ ഭേദഗതി ആവശ്യമാണെങ്കിൽ അതു നടത്തണമെന്നും ശശി തരൂർ പറഞ്ഞു. ദീപിക കോട്ടയം കേന്ദ്ര ഓഫീസിൽ നടത്തിയ സന്ദർശനത്തിനിടെ പ്രതികരിക്കുകയായിരുന്നു തരൂർ. നിയമം മനുഷ്യർക്കുവേണ്ടിയാകണം. മനുഷ്യർക്കു വസിക്കാൻ ഇടമില്ലാതാകാൻ പാടില്ല.
കടൽമണൽ ഖനനം കേരളത്തിന്റെ തീരമേഖലയെ ഗുരുതരമായി ബാധിക്കുമെന്നും തരൂർ പറഞ്ഞു. കേരളത്തിന്റെ തീരത്ത് കടലാക്രമണം കൂടിവരുന്നു. തിരുവനന്തപുരം മണ്ഡലത്തിൽ മാത്രം 64 ചതുരശ്ര കിലോമീറ്റർ തീരമാണ് കടലെടുത്തത്. ഇക്കാര്യം താൻ പാർലമെന്റിൽ ചൂണ്ടിക്കാട്ടി. ചൈന നമ്മുടെ രണ്ടിഞ്ചു ഭൂമിയെടുത്താൽ നാം വലിയ പ്രശ്നമാക്കും.
എന്നാൽ ഇവിടെ 64 ചതുരശ്ര കിലോമീറ്റർ ഭൂമി നഷ്ടപ്പെട്ടിട്ടും കേന്ദ്രത്തിനോ സംസ്ഥാനത്തിനോ യാതൊരു ആശങ്കയുമില്ല. അതിനു പണമില്ലെന്നു പറഞ്ഞാൽ എന്താണ് അവസ്ഥ.
ഇക്കാര്യത്തിൽ തനിക്ക് രണ്ടര പേജുള്ള മറുപടിയാണ് നൽകിയത്. അതിൽ തങ്ങളുടെ ഉത്തരവാദിത്വമല്ലെന്നും സംസ്ഥാനത്തിന് വേണ്ട സഹായം നൽകിയിട്ടുണ്ടെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇത്തരത്തിൽ കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴിചാരുന്നതിൽ അർഥമില്ല.
മത്സ്യത്തൊഴിലാളികളുടെ ജീവിതം ഇപ്പോൾതന്നെ ദുരിതത്തിലാണ്. കടൽമണൽ ഖനനംകൂടി വന്നാൽ അവരുടെ സ്ഥിതി കൂടുതൽ കഷ്ടത്തിലാകുമെന്നും തരൂർ പറഞ്ഞു. ദീപികയിലെത്തിയ ശശി തരൂരിനെ മാനേജിംഗ് ഡയറക്ടർ ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു.
നൂറു വർഷം മുമ്പ് നടന്ന ഗാന്ധിജിയുടെ കോട്ടയം സന്ദർശനത്തിന്റെ വാർത്തകൾ പ്രസിദ്ധീകരിച്ച ദീപികയുടെ കോപ്പി ഫാ. മൈക്കിൾ വെട്ടിക്കാട്ട് ശശി തരൂരിനു സമ്മാനിച്ചു.