എഎഫ്സിയുടെ കോച്ചിംഗ് ലൈസന്‍സുകള്‍ സ്വന്തമാക്കി ജൊനാഥന്
Monday, March 3, 2025 5:35 AM IST
കൊച്ചി: ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) കോച്ചിംഗ് ലൈസന്‍സുകള്‍ സ്വന്തമാക്കിയതോടെ ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ എഎഫ്സി ബി ലൈസന്‍സുള്ള പരിശീലകനായി വി.ജെ. ജൊനാഥന് സേവ്യര്‍. എഎഫ്സിയുടെ ബി, സി, ഡി കോച്ചിംഗ് ലൈസന്‍സുകളാണ് വിദ്യാര്‍ഥിയായ ജൊനാഥന് തന്റെ 21-ാം വയസിനുള്ളില്‍ നേടിയത്.
19-ാം വയസില്‍ ഡി ലൈസന്‍സ് സ്വന്തമാക്കിയ ജൊനാഥന് 20-ാം വയസില്‍ സി ലൈസന്‍സും നേടി. 21-ാം വയസില്‍ ബി ലൈസന്‍സും സ്വന്തമാക്കി. കഴിഞ്ഞ മാസമാണ് ബി ലൈസന്‍സ് നേടിയത്. ഇതോടൊപ്പം എഎഫ്സിയുടെ ഗോള്‍ കീപ്പര്‍ സി ലൈസന്‍സും (ലെവല്‍ 1) ജൊനാഥന് നേടി.
ചങ്ങനാശേരി എസ്ബി കോളജില്‍ എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥിയായ ജൊനാഥന് കോളജ് ഫുട്ബോള്‍ ടീമില്‍ സജീവമാണ്. കളി തുടരാനാണു താത്പര്യമെന്നും ഉടൻ കോച്ചാകാനില്ലെന്നും ഏതെങ്കിലും ഐഎസ്എല്‍ ടീമില്‍ ഇടം പിടിക്കണമെന്നാണ് ആഗ്രഹമെന്നും ജൊനാഥന് പറഞ്ഞു.
നാവികസേന മുന്‍ ഉദ്യോഗസ്ഥന് ഫോര്‍ട്ടുകൊച്ചി മുണ്ടംവേലി വെള്ളേപ്പറമ്പില്‍ വി.എ. ജോസഫിന്റെയും അധ്യാപിക അന്നമ്മ ജോസഫിന്റെയും മകനാണ് ജൊനാഥന്. പിതാവ് വി.എ. ജേസഫും മുന്‍കാല ഫുട്ബോള്‍ താരമായിരുന്നു. സര്‍വീസസിനു വേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്.