ചെന്നിത്തല വിളിച്ചു ""മിസ്റ്റർ ചീഫ് മിനിസ്റ്റർ'' ; രോഷാകുലനായി ചീഫ് മിനിസ്റ്റർ
Tuesday, March 4, 2025 3:19 AM IST
തിരുവനന്തപുരം: ‘മിസ്റ്റർ ചീഫ് മിനിസ്റ്റർ’ എന്നു തുടർച്ചയായി സംബോധന ചെയ്ത് ലഹരി വ്യാപനത്തിൽ സർക്കാരിനെ കുറ്റപ്പെടുത്തി രമേശ് ചെന്നിത്തല പ്രസംഗിച്ചപ്പോൾ രോഷാകുലനായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതേത്തുടർന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ നിയമസഭയിൽ വാക്പോരും അരങ്ങേറി.
മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു വിളിച്ചു കുറ്റാരോപണം നടത്തി വരികയായിരുന്നു രമേശ്. സംബോധന ഏതാനും തവണ ആവർത്തിച്ചപ്പോൾ പെട്ടെന്നു പ്രകോപിതനായി മുഖ്യമന്ത്രി ചാടിയെണീൽക്കുകയായിരുന്നു. “മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു വിളിച്ച് ഓരോന്നു പറയുന്നു. നാടിന്റെ പ്രശ്നം എന്തെന്നു മനസിലാക്കി പറയണം” - മുഖ്യമന്ത്രി ശബ്ദമുയർത്തി പറഞ്ഞു.
സർക്കാരും മുഖ്യമന്ത്രിയും എഴുതിത്തരുന്നതു വായിക്കാനല്ല തങ്ങൾ ഇവിടെ ഇരിക്കുന്നതെന്നു പറഞ്ഞു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തിരിച്ചടിച്ചു. “നിങ്ങളെ കുറ്റപ്പെടുത്തും. നിങ്ങളാണു കേരളത്തിന്റെ മുഖ്യമന്ത്രി. നിങ്ങളാണ് ആഭ്യന്തരമന്ത്രി”-സതീശൻ പറഞ്ഞു. മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നു വിളിക്കുന്നത് അത്ര മോശമാണോ എന്നും സതീശൻ ചോദിച്ചു.
കഴിഞ്ഞ കാര്യങ്ങൾ പറഞ്ഞു പിന്നിലേക്കു പോകേണ്ടെന്നും നോട്ടീസിൽ പറയുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കാനും സ്പീക്കർ എ.എൻ. ഷംസീർ ആവശ്യപ്പെട്ടു. താൻ എന്തു സംസാരിക്കണമെന്ന് താൻ തീരുമാനിക്കുമെന്നു രമേശ് ചെന്നിത്തല പറഞ്ഞു.
അനാവശ്യമായ കാര്യങ്ങൾ പറയാനാണോ ഈ അവസരം ഉപയോഗിക്കേണ്ടതെന്നു മുഖ്യമന്ത്രി ചോദിച്ചു. ഒന്പതു വർഷത്തെ ഭരണത്തിലുണ്ടായ ക്രമസമാധാന തകർച്ചയേക്കുറിച്ചു പറയുകതന്നെ ചെയ്യുമെന്ന് രമേശ് പറഞ്ഞു.
സമൂഹം ഒട്ടാകെ ചർച്ച ചെയ്യേണ്ട ഒരു വിഷയത്തെ സങ്കുചിത രാഷ്ട്രീയലക്ഷ്യങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് മന്ത്രിമാരായ പി. രാജീവും എം.ബി. രാജേഷും കുറ്റപ്പെടുത്തി.ലഹരി വ്യാപനത്തെക്കുറിച്ചും വർധിച്ചുവരുന്ന അക്രമസംഭവങ്ങളെക്കുറിച്ചും സഭ നിർത്തിവച്ച് അടിയന്തരപ്രമേയം ചർച്ചയ്ക്കെടുത്തപ്പോഴായിരുന്നു സഭയിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
ടി.പി. വധക്കേസിലെ പ്രതികൾക്ക് മൂന്നു വർഷത്തോളം വരുന്ന കാലാവധിയിൽ പരോൾ നൽകിയതും പത്തനംതിട്ടയിൽ കാപ്പ കേസ് പ്രതിയെ മന്ത്രി മാലയിട്ടു സ്വീകരിച്ചതുമെല്ലാം പ്രസംഗത്തിനിടയിൽ പരാമർശിച്ചപ്പോഴാണ് മുഖ്യമന്ത്രി രോഷത്തോടെ പ്രതികരിച്ചത്.